ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന
തരിയോട്: തരിയോട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന ജനം ഭീതിയിൽ. കഴിഞ്ഞ ദിവസം പട്ടാപ്പകലായിരുന്നു ജനവാസ മേഖലയിൽ കാട്ടാനയുടെ പരാക്രമം. തരിയോട് എട്ടാം മൈൽ പമ്പ് ഹൗസിന് സമീപമാണ് കാട്ടാന റോഡിലിറങ്ങിയത്. റോഡരികിൽ മറച്ചുകെട്ടിയ ഷീറ്റ് തകർത്താണ് മുറിവാലൻ കൊമ്പൻ റോഡിലേക്കെത്തിയത്. റോഡിൽ സ്കൂട്ടറിന്റെ ശബ്ദം കേട്ടതോടെ സ്കൂട്ടർ യാത്രക്കാരന് നേരെ പാഞ്ഞടുത്തു. കാട്ടാനയെ കണ്ട് ഭയന്ന യാത്രക്കാരൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
കാട്ടാന നശിപ്പിച്ച തെങ്ങ്
ആന സ്കൂട്ടറിന് നേരെ പാഞ്ഞടുക്കുന്ന ദൃശ്യം പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണ് മുറിവാലൻ എന്നാണ് നാട്ടുകാർ പറയുന്നത്. വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുകയും എല്ലാ ഭാഗത്തും പ്രതിരോധ വേലി നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കൽപറ്റ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ സുഗന്ധഗിരി സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശമാണിത്. കുറഞ്ഞ ഭാഗത്ത് മാത്രമാണ് വനാതിർത്തിയിൽ വനം വകുപ്പ് പ്രതിരോധ വേലി നിർമിച്ചത്.
പല സ്ഥലങ്ങളിലും വേലി തകർന്നു കിടക്കയാണ്. ഇതാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്താൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ആർ.ആർ.ടി സംഘം സ്ഥലത്ത് പരിശോധന നടത്തുകയും വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വന്യമൃഗത്തെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിവനംവകുപ്പ് കാമറ സ്ഥാപിക്കുന്നു
തേറ്റമല: പ്രദേശത്ത് ജനവാസ കേന്ദ്രത്തിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയതോടെ ജനം ഭീതിയിൽ. കഴിഞ്ഞ ദിവസം തേറ്റമല വെമ്പള്ളി മത്തായിയുടെ തോട്ടത്തിൽ അയൽവാസിയായ പൂവക്കുളത്ത് പി.ജെ. റോജസാണ് കാൽപ്പാട് കണ്ടത്. വളർത്തുപൂച്ചയെ ചൊവ്വാഴ്ച മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാട് ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. മഴപെയ്ത് കാൽപാട് ഭാഗികമായി മാഞ്ഞതിനാൽ പുലിയുടെ കാൽപാടാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുലിയുടെ കാൽപാടുകളോട് സാദൃശ്യമുള്ളവയാണെന്ന് അധികൃതർ പറഞ്ഞു. വന്യമൃഗത്തെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് വനംവകുപ്പ് രണ്ട് കാമറ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.