ഇരുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ 25000 ചതുരശ്ര അടി വിസ്തൃതിയുള്ള പൂക്കളം
പുൽപള്ളി: ഓണത്തോട് അനുബന്ധിച്ച് 25000 ചതുരശ്ര അടിയിൽ വമ്പൻ പൂക്കളം തീർത്ത് ഇരുളത്തുകാർ. ഓണാഘോഷത്തോട് അനുബന്ധിച്ച് പൂക്കളം ഒരുക്കുന്നത് സാധാരണമാണെങ്കിലും ഒരു സ്കൂളിന്റെ ഗ്രൗണ്ട് മുഴുവൻ പൂക്കളമാവുന്ന കാഴ്ചയായിരുന്നു ഇരുളത്ത്. ഇരുളം ജി.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടാണ് കൂറ്റൻ പൂക്കളത്തിന് വേദിയായത്.
വയനാട്ടിൽ ഇതുവരെ തീർത്ത ഏറ്റവും വലിയ പൂക്കളം കൂടിയാണിത്. മാവേലിയോടൊപ്പം നാടുമായി ബന്ധമുള്ള മണിയൻ എന്ന കാട്ടാനയേയും പൂക്കളത്തിൽ ഉൾപ്പെടുത്തിയാണ് ഇരുളത്തുകാരുടെ പൂക്കളം. നാട്ടുകാരുമായി സൗഹൃദത്തിലായിരുന്ന മണിയൻ എന്ന കാട്ടാനയേക്കുറിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു.
2019ലാണ് ഈ കാട്ടാന ചരിഞ്ഞത്. അന്ന് മണിയന് വേണ്ടി മൗനജാഥ നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചാം തീയതി മുതലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുളത്ത് ഓണാഘോഷം തുടങ്ങിയത്.
ആഗസ്റ്റ് 27 വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ഓണാഘോഷം. നാട്ടുകാരെല്ലാം ചേർന്ന് മൂന്ന് ദിവസത്തെ പ്രയത്നത്തിലാണ് പൂക്കളമൊരുങ്ങിയത്. ഗുണ്ടൽപേട്ടിൽ നിന്ന് 10 ടൺ പൂവാണ് ഭീമൻ പൂക്കളത്തിനായി എത്തിച്ചത്. ലയൺസ് ക്ലബിന്റെ ആശയമായിരുന്നു വമ്പൻ പൂക്കളം. ഇതിനൊപ്പം നാട്ടുകാർ ഒത്തുചേരുകയായിരുന്നു. ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ അടക്കം കല കായിക മത്സരങ്ങളും നടത്തി. ഇരുളത്തിന്റെ ഒന്നാം സാംസ്കാരിക ആഘോഷമെന്ന നിലയിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകരുടെ പ്രതികരണം. ആയിരങ്ങളാണ് പൂക്കളം കാണാൻ എത്തിയത്. പാതിരാത്രിയിലും കനത്ത മഴയത്തും ഒരു നാട് മുഴുവൻ പൂക്കളം ഒരുക്കാനായി രംഗത്തുണ്ടായിരുന്നു.
പ്രധാന നഗരങ്ങളിലെല്ലാം ഗതാഗതക്കുരുക്ക്
കൽപറ്റ: തിരുവോണത്തലേന്ന് ഉൾപ്പെടെ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം അനുഭവപ്പെട്ടത് വലിയ ഗതാഗതക്കുരുക്ക്. ജില്ല ആസ്ഥാനത്ത് വലിയതോതിൽ വാഹനങ്ങളെത്തിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. കനത്ത മഴയെ അവഗണിച്ചാണ് ഓണം കളറാക്കാനായി ആളുകൾ നഗരങ്ങളിലെത്തിയത്. അവധിക്കാലമായതിനാൽ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതും വാഹനത്തിരിക്കിന് കാരണമായി. വാഹനങ്ങൾ നിർത്തിയിട്ടിരുന്ന പല സ്ഥലങ്ങളും പൂ വിൽപനക്കാർ കൈയടക്കി. സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നിലും ഹോട്ടലുകൾക്ക് മുന്നിലും വാഹനങ്ങൾ നിർത്തിയിട്ടതും ഗതാഗത തടസ്സത്തിന് കാരണമായി. പുതിയ ബസ് സ്റ്റാൻഡ് മുതൽ മുൻസിപ്പൽ ഓഫിസ് വരെയുള്ള റോഡിൽ കടുത്ത തിരക്കാണ് അനുഭപ്പെട്ടത്.
മാനന്തവാടി
മാനന്തവാടിയിൽ വാഹനങ്ങളുടെ നീണ്ടനിര പലപ്പോഴും പ്രത്യക്ഷപ്പെട്ടു. പൊതുവേ ഇടുങ്ങിയ നഗരമായ മാനന്തവാടിയിൽ വാഹനങ്ങളുടെ ഒഴുക്ക് വലിയ പ്രതിസന്ധിയുണ്ടാക്കി. ഓണവിപണി സജീവമാകുകയും അവധിക്കാലം ആഘോഷിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും കൂടുതൽ ആളുകൾ എത്തിയതോടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്.
വസ്ത്രങ്ങളും പൂക്കളുമെല്ലാം വാങ്ങുന്നതിന് നൂറുകണക്കിനാളുകളാണ് രാത്രി ഉൾപ്പെടെ നഗരത്തിലേക്ക് എത്തിയത്. കോഴിക്കോട് റോഡ്, മൈസൂരു റോഡ്, ജോസ് തീയറ്റർ കവല, തലശ്ശേരി റോഡ്, വള്ളിയൂർക്കാവ് റോഡ് എന്നിവിടങ്ങളിലെല്ലാം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മെഡിക്കൽ കോളജിലേക്ക് അത്യാസന്നനിലയിൽ രോഗികളുമായി എത്തുന്ന ആംബുലൻസുകൾ പോലും കുരുക്കിൽപ്പെട്ടു.
പുൽപള്ളി
ബസ്സ്റ്റാൻഡ് പരിസരത്താണ് പുൽപള്ളിയിൽ കൂടുതൽ വാഹനത്തിരക്ക് അനഭവപ്പെട്ടത്. ഓണനാളിലെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ മേഖലയിൽ കാര്യമായ ഒരുക്കമുണ്ടായിരുന്നില്ല. റോഡരികിൽ വാഹനം നിർത്തിയിടുന്നത് കാരണം പ്രധാന റോഡിലൂടെയുള്ള ഗതാഗതം പലപ്പോഴും തടസപ്പെട്ടു.
അവധിയായതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടേറെ വാഹനങ്ങൾ പുൽപള്ളിയിലെത്തുന്നുണ്ട്. വാഹന പാർക്കിങ്ങിന്റെ അഭാവം ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി വ്യാപാരികൾ ആരോപിക്കുന്നു.
മീനങ്ങാടി
കഴിഞ്ഞ ദിവസങ്ങളിൽ മീനങ്ങാടി ടൗൺ കടന്നുപോകാൻ വാഹനങ്ങൾക്ക് പലപ്പോഴും അരമണിക്കൂറിലധിം ആവശ്യമായി വന്നു. ടൗണിലേക്കെത്തിയ വാഹനങ്ങൾ ദേശീയ പാതക്കരികിൽ നിർത്തിയിട്ടതോടെ വാഹനങ്ങൾ പോകാൻ ഏറെ പ്രായസപ്പെട്ടു. മൈസൂരു, ഗുണ്ടൽപേട്ട്, ബംഗളൂരു ഭാഗങ്ങളിലേക്ക് പോകാൻ എത്തുന്നവരുടെ വാഹന തിരക്കും ടൗണിൽ ഗതാഗത തടസ്സം രൂക്ഷമാക്കാൻ കാരണമായി.
സുൽത്താൻ ബത്തേരി
ഓണാഘോഷത്തിനും അവധിക്കാല ആഘോഷത്തിനുമായി സഞ്ചാരികൾ കൂട്ടമായി എത്തിയതോടെ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ നഗരം കൂടിയായ സുൽത്താൻ ബത്തേരി ഗതാഗതക്കുരുക്കിൽ അമർന്നു. ബസ്സ്റ്റാൻഡ് പരിസരം, മൈസൂരു റോഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായി.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങളും ഷോപ്പിങ്ങിനെത്തുന്നവരുടെ വാഹനങ്ങളും കൊണ്ട് നഗരം നിറഞ്ഞു. നഗരത്തിൽ ആവശ്യത്തിന് പാർക്കിങ് സൗകര്യം ഇല്ലാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഹോട്ടലുകൾക്കും വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്കും മുന്നിൽ റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ടതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം പലപ്പോഴും തടസ്സപ്പെട്ടു.
വൈത്തിരി
ചുരം കയറി എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ വൈത്തിരിയിൽ പലപ്പോഴും ഗതാഗത തടസ്സം രൂക്ഷമായി. പഴയ വൈത്തിരി, തളിപ്പുഴ ടൗണുകളിലും പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ചില സമയങ്ങളിൽ ലക്കിടിയിലെത്തിയ വാഹനങ്ങൾ ഒരു മണിക്കൂറോളമെടുത്താണ് വൈത്തിരി ടൗൺ കടന്നുപോയത്. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കെത്തിയ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പാർക്കിങ് സ്ഥലം ലഭ്യമാകാതായതോടെ പല വാഹനങ്ങളും ദേശീയപാതയോരത്തോട് ചേർന്നാണ് നിർത്തിയിട്ടത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
പൂക്കോട് തടാകത്തിലേക്കുള്ള റോഡിലും വാഹനങ്ങളുടെ നീണ്ടനിര അനുഭപ്പെട്ടു. ഹോട്ടലുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങൾ ദേശീയപാതയോരത്ത് നിർത്തിയിട്ടതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.