പരിസ്ഥിതിലോല മേഖല: ആശങ്ക കനക്കുന്നു
കൽപറ്റ: പരിസ്ഥിതിലോല മേഖലകൾ നിശ്ചയിച്ച കേന്ദ്രസർക്കാറിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങൾ അറിയിക്കാനുള്ള സമയപരിധി തീരാനിരിക്കെ, വയനാട്ടിലടക്കം ആശങ്ക കനക്കുന്നു. ജനജീവിതത്തെ ബാധിക്കുംവിധം പരിസ്ഥിതി ലോല മേഖലകൾ നിർണയിക്കരുതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് കർഷക സംഘടനകളടക്കം പ്രതിഷേധ രംഗത്താണ്.
വയനാട്ടിലെ ജനവാസ മേഖലകളടക്കമുള്ള 13 വില്ലേജുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടത്. പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശിലേരി, കിടങ്ങനാട്, നൂൽപുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നിവയാണിവ. മാനന്തവാടി താലൂക്കിൽ ഏഴും വൈത്തിരി താലൂക്കിൽ നാലും ബത്തേരി താലൂക്കിൽ രണ്ടും വില്ലേജുകൾ ഇതിൽപ്പെടുന്നു.
ജില്ലയിലെ 665 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ഇ.എസ്.എ പരിധിയിൽ വരുന്നത്. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി ഭൂപടം പ്രസിദ്ധീകരിക്കുന്നതിനു പകരം, ആശയക്കുഴപ്പമുണ്ടാക്കുന്ന ഭൂപടങ്ങളാണ് ജൈവ വൈിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ നൽകിയത്. ആറ് സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക.
ഇതിന് മുന്നോടിയായാണ് ആറാം തവണയും കരട് വിജ്ഞാപനം പുറത്തിറക്കിയത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചാൽ അവിടങ്ങളിൽ ഖനനം, ക്വാറി പ്രവര്ത്തനം, മണലെടുപ്പ് തുടങ്ങിയവക്ക് സമ്പൂര്ണ നിരോധനമുണ്ടാകും. ജനജീവിതത്തെയടക്കം ബാധിക്കുന്ന പല നിയന്ത്രണങ്ങൾ വരും. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കും ഒഴികെ വലിയ തോതിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടാകില്ല. റോഡ് നിർമാണത്തിനും ചെറുകിട വ്യവസായങ്ങൾക്കും ഏറെ കടമ്പകളുണ്ടാകും. കൃഷിരീതികളിലും വൻ മാറ്റങ്ങൾ വരും. ടൗൺഷിപ്പുകളും പുതിയ താപ വൈദ്യുത പദ്ധതികളും അനുവദിക്കില്ല.
കരട് നിർദേശത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളെ സംബന്ധിച്ച് ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം വരിക. അന്തിമപട്ടികയിലും വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടുമോ എന്ന ആശങ്കയിലാണ് നാട്. ജനജീവിതത്തെ ബാധിക്കാത്തവിധം, പരിസ്ഥിതി സംരക്ഷണവും വികസനവും പരിഗണിച്ചുള്ള നടപടികളാണ് വേണ്ടതെന്നാണ് പൊതുഅഭിപ്രായം. ജനവാസ മേഖലകളെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നിർദേശം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകുമെന്നാന്ന് കഴിഞ്ഞ ദിവസം കൃഷി മന്ത്രി ടി. സിദ്ദീഖ് പറഞ്ഞത്.
വിജ്ഞാപനം പിൻവലിക്കണം; സമരവുമായി
കർഷകസംഘം
കൽപറ്റ: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംരക്ഷണത്തിനായി കേന്ദ്രസർക്കാർ ജൂലൈ 27ന് പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന് കർഷകസംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറും വയനാട് എം.പിയും അടിയന്തരമായി ഇടപെടണം.
ഇതുവരെ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപ്പെട്ടില്ലെന്ന് ജില്ല പ്രസിഡന്റ് പി. സുരേഷ്, സെക്രട്ടറല സി.ജി. പ്രത്യുഷ്, ട്രഷറർ എൻ.പി. കുഞ്ഞുമോൾ, ജെയിൻ ആന്റണി എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് കർഷകസംഘം ജില്ലയിലെ 13 വില്ലേജുകളിലും ധർണ നടത്തിയിരുന്നു. തുടർസമരമെന്ന നിലയിൽ 23ന് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചും കരട്പട്ടികയിലെ വില്ലേജുകളിലെ വീടുകൾ കയറിയും മറ്റും ഒരുലക്ഷം ഒപ്പ് ശേഖരിച്ച് പ്ര ധാനമന്ത്രി, പാർലമെൻറ് അംഗം, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം അയക്കും. 25ന് കലക്ടറേറ്റ് മാർച്ചും ധർണയുമുണ്ടാകും. അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
വൈത്തിരി പഞ്ചായത്ത്
നടപടിയെടുക്കുന്നില്ല
-എൽ.ഡി.എഫ്
കൽപറ്റ: ചുണ്ടേൽ, കുന്നത്തിടവക വില്ലേജുകളെ ഇ.എസ്.എയിൽ ഉൾപ്പെടുത്തിയിട്ടും വൈത്തിരി പഞ്ചായത്ത് ഭരണസമിതി അലംഭാവം തുടരുകയാണെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ജനവാസ മേഖലകളും കാർഷിക ഭൂമികളും നൂറു കണക്കിന് പേർ ജോലിചെയ്യുന്ന കാപ്പി, തേയില എസ്റ്റേറ്റുകളും കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിനാൽ ആയിരക്കണക്കിന് കുടുംബങ്ങൾ ഭയത്തിൽ കഴിയുകയാണ്. കരട് വിജ്ഞാപനത്തിനെതിരെ ആക്ഷേപം നൽകേണ്ട അവസാന തീയതി അടുത്തിട്ടും പഞ്ചായത്ത് ഭരണസമിതി അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്.
അഞ്ചും ആറും കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ ഇടതുപക്ഷമാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ആ സമയങ്ങളിൽ മുഴുവൻ വാർഡുകളിലും ഗ്രാമസഭ വിളിച്ച് ചർച്ച നടത്തുകയും വിജ്ഞാപനം പിൻവലിക്കാൻ പ്രമേയങ്ങൾ പാസാക്കി സർക്കാറുകൾക്ക് നൽകുകയും ചെയ്തു.
കേരളത്തോടൊപ്പം പട്ടികയിൽ ഉൾപ്പട്ട മറ്റു സംസ്ഥാനങ്ങൾ ഇതിനകം നിയമസഭ സമ്മേളനങ്ങൾ വിളിച്ചുചേർത്ത് പരിസ്ഥിതി ലോല മേഖലക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചപ്പോൾ കേരള സർക്കാർ നടപടിയെടുത്തില്ല. വൈത്തിരി പഞ്ചായത്ത് ഭരണസമിതിയിൽ ഇടതുഅംഗങ്ങളുടെ ശക്തമായ ആവശ്യത്തിൻമേൽ ഗ്രാമസഭ വിളിച്ചുചേർക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം ബാഹ്യപ്രേരണയിൽ യു.ഡി.എഫ് ഗ്രാമസഭ വിളിക്കാതെ മാറി നിന്നു.
ഇടതുപക്ഷ അംഗങ്ങൾ ഗ്രാമസഭയുമായി മുമ്പോട്ടുപോയപ്പോൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപയോഗിച്ച് അനാവശ്യ ചട്ടങ്ങൾ ഉയർത്തി തടസ്സപ്പെടുത്തി. ജനരോഷം ശക്തമായപ്പോൾ നിയമപരമായി കോടതിയിൽപോലും നിലനിൽക്കാത്ത ജനകീയസഭ വിളിച്ച് തടിതപ്പാനാണ് ഭരണസമിതി ശ്രമിച്ചത്.
പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് വൈത്തിരി പഞ്ചായത്ത് ഇടതു മുന്നണി നേതൃത്വം നൽകും. നേതാക്കളായ എം. ജനാർദനൻ, എം.വി. ബാബു, എൻ.ഒ. ദേവസ്യ, എസ്. ചിത്രകുമാർ, എം.വി. വിജേഷ്, കെ.കെ. തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.