ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ചോദ്യം ചെയ്യലിനായി പുത്തൂർ വയൽ എ.ആർ ക്യാമ്പിലെത്തിയപ്പോൾ
കൽപറ്റ: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ചോദ്യം ചെയ്യലിന് ഹാജരായി. വ്യാഴാഴ്ച രാവിലെ 11 മുതൽ മൂന്നു വരെ പുത്തൂർവയൽ എ.ആർ. ക്യാമ്പിലായിരുന്നു ചോദ്യംചെയ്യൽ. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അറസ്റ്റ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും ചോദ്യം ചെയ്യലിന് ഹാജരായത്. ആത്മഹത്യാപ്രേരണ കുറ്റമാണ് മൂന്നു പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നു ദിവസങ്ങളിൽ എം.എൽ.എ ചോദ്യം ചെയ്യലിന് ഹാജരാകും. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും വസ്തുത പുറത്തുവരൽ തന്റെ കൂടി ആവശ്യമാണെന്നും ഐ.സി. ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
തുടക്കം മുതൽ ഏറ്റവും കൂടുതൽ ആരോപണം നേരിട്ടത് താനായിരുന്നു. അതിനാൽ ആദ്യമേ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയ ആളാണ് താൻ. വസ്തുത പുറത്തുവരണം. അന്വേഷണം നീതിപൂർവകമായി തന്നെ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.