കൽപറ്റ: ഒരിടവേളക്കുശേഷം ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രാഷ്ട്രീയപ്പോരിന് തിരികൊളുത്തിയിരിക്കുകയാണ്. കൽപറ്റയിലെ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകർത്തത് എസ്.എഫ്.ഐ പ്രവർത്തകരാണെങ്കിലും ഇതേ വിഷയത്തിൽ രണ്ടുമാസത്തിനിപ്പുറം ഇപ്പോഴത്തെ അറസ്റ്റ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കേവലം ചോദ്യം ചെയ്യലിൽ മാത്രം അവസാനിക്കുമെന്ന കരുതിയിടത്താണ് പൊലീസ് അപ്രതീക്ഷിതമായി രാഹുൽ ഗാന്ധിയുടെ പി.എയെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് നടന്നതിന് പിന്നാലെ കൽപറ്റ പൊലീസ് സ്റ്റേഷനിലേക്ക് കൂടുതൽ പൊലീസുകാരെത്തി സുരക്ഷ ശക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും ടി. സിദ്ദീഖ് എം.എൽ.എയും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരുമെത്തി.
പൊലീസുമായി ഏറെ നേരം നേതാക്കൾ ചർച്ച നടത്തി. ഐ.സി ബാലകൃഷ്ണനും ടി. സിദ്ദീഖുമാണ് അറസ്റ്റ് ചെയ്തവരെ ജാമ്യത്തിലെടുത്തത്. ഗാന്ധി പ്രതിമ തകർത്തത് കോൺഗ്രസ് നേതാക്കളാണെന്ന് തുടക്കം മുതലുള്ള സി.പി.എമ്മിന്റെ ആരോപണത്തിന് ഇപ്പോഴത്തെ അറസ്റ്റ് അവർക്ക് പുതിയ ആയുധമായി മാറി കഴിഞ്ഞു. അതേസമയം, യഥാർഥ പ്രതികളെ പിടികൂടാതെ സർക്കാരുമായി ചേർന്നുകൊണ്ട് പൊലീസ് നടത്തുന്ന നാടകമാണിതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വരും ദിവസങ്ങളിൽ വിഷയം കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയപ്പോര് മുറുക്കുമെന്നുറപ്പായികഴിഞ്ഞു.
അറസ്റ്റ് ചെയ്ത നാലുപേരെയും വൈകീട്ട് മൂന്നോടെ ജാമ്യത്തിൽവിട്ടശേഷമാണ് നേതാക്കൾ ഡിവൈ.എസ്.പി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധം അവസാനിപ്പിച്ച് ചർച്ച നടത്താൻ ഡിവൈ.എസ്.പി ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ രോഷാകുലരായി.
എസ്.പി സ്ഥലത്തില്ലെന്ന് പറഞ്ഞെങ്കിലും നേതാക്കൾ പ്രതിഷേധം തുടരുകയായിരുന്നു. ഇതിനിടക്ക് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തിയതൊഴിച്ചാൽ എം.എൽ.എമാരുടെ പൊലീസ് സ്റ്റേഷൻ ഉപരോധ സമരമല്ലാതെ കാര്യമായ പ്രതിഷേധ പ്രകടനമോ മറ്റോ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാൽ, ഗാന്ധി ചിത്രം തകർത്ത കോൺഗ്രസുകാരെ ഒറ്റപ്പെടുത്തുക എന്ന ബാനറുമായി സി.പി.എം കൽപറ്റയിൽ വലിയ പ്രതിഷേധ ധർണയും നടത്തി.
പിണറായിയുടെ മോദി സ്തുതി പാടലാണ് അറസ്റ്റെന്ന് കോൺഗ്രസ്
കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിലൂടെ മോദി സ്തുതി പാടലാണ് പിണറായി വിജയൻ ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ ഓഫിസ് ആക്രമിച്ചിട്ടും കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത് ആസൂത്രിതമാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇത് നടന്നത്. ഓഫിസിന്റെ തൊട്ടടുത്ത ആശുപത്രിയിലെയോ സ്ഥാപനങ്ങളിലെയോ സിസി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാതെ കല്പറ്റ പൊലീസ് ഭരണകക്ഷി രാഷട്രീയ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇപ്പോഴത്തെ നീക്കം നടത്തിയതെന്ന് നേതാക്കൾ ആരോപിച്ചു. ബി.ജെ.പിയെ സുഖിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പി.എയെ വരെ അറസ്റ്റ് ചെയ്തത്. മോദിക്ക് സ്തുതി പാടലുമാണ്. അതോടൊപ്പം തന്നെ കേന്ദ്ര സർക്കാറിന്റെ നിരവധി കേസുകളില്‍ പ്രതിയായ സംസ്ഥാന ഭരണത്തിലെ നിരവധി നേതാക്കളെയും മന്ത്രിമാരെയും രക്ഷപ്പെടുത്തുന്നതിനും മോദിയെ തൃപ്തിപ്പെടുത്തുന്നതിനും എടുത്ത കള്ളക്കേസാണിത്. പൊലീസ് എഫ്.ഐ. ആറില്‍ പറയുന്നത് ഏതോ പ്രതി നിലത്ത് വലിച്ചിട്ട് പൊട്ടിച്ചു എന്നാണ്. ഇതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നീതിയുടെ പക്ഷത്ത് നില്‍ക്കേണ്ട പൊലീസ് തീര്‍ത്തും കടകവിരുദ്ധമായി ഭരണകക്ഷിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് എം.പി ഓഫീസ് സ്റ്റാഫുകള്‍ക്കെതിരെ കള്ളക്കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലാത്ത ജോര്‍ജ് അഞ്ജലി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് പൊലീസ് വളയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നിരപരാധികള്‍ക്ക് കേസും, പീഠനവും, അക്രമകാരികള്‍ക്ക് സംരക്ഷണവുമാണ്.
ആക്രമണം നടന്ന ദിവസം ഈ ആക്രമണത്തില്‍ പങ്കെടുത്ത മുഴുവന്‍ എസ്.എഫ്.ഐ ക്കാരെയും അറസ്സ് ചെയ്യുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്തുണ നല്കിയ പൊലീസുകാരെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടും അവര്‍ക്കെതിരെ നടപടി എടുക്കുകയുണ്ടായിട്ടില്ല. 22 ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷം എ കെ ജി സെന്റര്‍ ആക്രമണ വിഷയം ഉന്നയിക്കുമെന്ന് മുന്നില്‍ കണ്ട് സ്വന്തം ആളുകളായ പ്രതികളെ സംരക്ഷിക്കുന്നതിന് നടത്തിയ കള്ളകേസും നടപടികളുമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
പൊലീസ് നീതിയുക്തമായ അന്വേഷണത്തിന് മുന്‍കൈ എടുക്കണമെന്നും യാതൊരു തെളിവുമില്ലാതെ രാഹുല്‍ ഗാന്ധി എം. പിയുടെ പേഴ്സണ്‍ സ്റ്റാഫുകളായവരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കള്ളക്കേസ് എടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഡി.സി. സി. പ്രസിഡന്റ് എന്‍. ഡി. അപ്പച്ചന്, ടി. സിദ്ദീഖ് എം. എല്‍. എ, ഐ.സി ബാലകൃഷ്ണന് എം.എല്‍.എ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ ഓഫിസിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെയും കോൺഗ്രസ് പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കാൻ പിണറായിയുടെ സർക്കാർ നടത്തുന്ന നീക്കത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സർവ ശക്തിയുമുപയോഗിച്ച് ചെറുത്തു തോൽപിക്കുമെന്ന് ജില്ല കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.