കൽപറ്റ: ഉത്രാട ദിനത്തിൽ വയനാട് ജില്ലയിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ചുവപ്പ് ജാഗ്രത നിർദേശം പുറത്തിറക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടവിട്ടുള്ള അതിശക്തമായ മഴയിൽ പലയിടത്തും വ്യാപക നാശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഓണത്തലേന്ന് അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബുധനാഴ്ച മാത്രമാണ് ചുവപ്പ് ജാഗ്രതയുള്ളത്. തിരുവോണ ദിനമായ വ്യാഴാഴ്ച മഞ്ഞ ജാഗ്രത നിർദേശമാണ് നൽകിയിടുള്ളത്.
ഉത്രാട ദിനം മഴയിൽ മുങ്ങിയാൽ അത് ഓണം ഒരുക്കത്തെയും ബാധിക്കും. ഓണത്തിന്റെ അവസാനഘട്ട ഒരുക്കത്തിനായുള്ള ഉത്രാടപാച്ചിൽ ഇത്തവണ മഴകൊണ്ടുപോയാൽ വിപണിയെയും സാരമായി ബാധിക്കും. ഓണ കച്ചവടം പ്രതീക്ഷിച്ച് സാധനങ്ങളിറക്കിയ വ്യാപാരികൾക്ക് ഉത്രാടദിനത്തിലെ കച്ചവടം ഏറെ പ്രധാനപ്പെട്ടതാണ്.
അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ല കലക്ടർ കഴിഞ്ഞ ദിവസം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പൂതാടിയിലും മീനങ്ങാടിയിലും പാലങ്ങൾ തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.