അപകടത്തിൽ ഗർത്തത്തിലേക്ക് തെറിച്ചുവീണവരെ
റോഡിലെത്തിക്കുന്നു
വൈത്തിരി: വയനാട് ചുരത്തില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്ക്. സുൽത്താൻ ബത്തേരി ചുള്ളിയോട് കൊട്ടേങ്ങല്‍ റാഷിദ് (24), ബന്ധുവായ മാടത്തറ പറമ്പാടി ഹൗസില്‍ ശരീഫ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ റാഷിദിന്റെ നില അതീവ ഗുരുതരമാണ്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റി.
ചുരം ഒമ്പതാം വളവിന് താഴെ തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം. ടിപ്പറിലിടിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രിക്കാരായ രണ്ട് പേരും കൊക്കയിലേക്ക് തെറിച്ചു വീണു. അപകടം നടന്ന ഉടന്‍ ഇതുവഴി വന്ന മറ്റ് യാത്രക്കാരും ചുരം രക്ഷാ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്‍.ആര്.ഡി.എഫ് വളന്റിയര്‍ ടീം അംഗങ്ങളായ മജീദ് കണലാട്, എം.പി. ഷമീര്‍, റഫീക്ക് എന്നിവര്‍ പരിക്കേറ്റവരെ കൊക്കയിലിറങ്ങി കണ്ടെത്തുകയും അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയുമായിരുന്നു. ഇവർ എത്തിയ ശേഷമാണ് പരിക്കേറ്റവരെ കൊക്കയില്‍ നിന്ന് മുകളിലെത്തിച്ചത്. തുടര്‍ന്ന് വൈത്തിരിയില്‍ നിന്നെത്തിയ ആംബുലന്‍സില്‍ ആദ്യം ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.