കൽപറ്റ: ജില്ലയിലെ സ്കൂളുകളിൽനിന്ന് പട്ടികവര്‍ഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഹാജര്‍ നിരീക്ഷണ സംവിധാനം കൂടുതൽ ഫലപ്രദമാക്കി വിദ്യാഭ്യാസ വകുപ്പ്. സമ്പൂര്‍ണ പ്ലസ് പോര്‍ട്ടൽ വഴി എല്ലാ ദിവസവും രാവിലെതന്നെ കുട്ടികളുടെ ഹാജര്‍ സ്കൂളുകളിൽനിന്ന് ശേഖരിക്കാനും അത് പരിശോധിച്ച് തുടര്‍നടപടികൾ സ്വീകരിക്കാനുമാണ് പദ്ധതി. ഓരോ കുട്ടിയുടെയും ഹാജര്‍ രേഖപ്പെടുത്താൻ സമ്പൂര്‍ണ പ്ലസ് പോര്‍ട്ടലിൽ സംവിധാനമുണ്ടായിരുന്നെങ്കിലും പട്ടികവര്‍ഗ വിദ്യാർഥികളുടെ കണക്ക് പ്രത്യേകമായി ശേഖരിക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം മുതൽ സമ്പൂര്‍ണയിൽ നിലവിൽ വന്നു.
ജില്ലയിലെ ആകെ സ്കൂള്‍ വിദ്യാർഥികളില്‍ 20 ശതമാനം പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ളവരാണ്. എന്നാൽ പഠനം പാതിവഴിയില്‍ നിര്‍ത്തി കൊഴിഞ്ഞുപോകുന്നവരില്‍ നാലില്‍ മൂന്ന് പേരും പട്ടികവര്ഗക്കാരാണെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടികവര്‍ഗ വിഭാഗത്തിന് പ്രഥമ പരിഗണന നല്കി കർമപദ്ധതി തയാറാക്കിയത്. രാവിലെ സ്കൂളുകളിൽ അധ്യാപകര്‍ കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തുന്ന സമയത്തുതന്നെ സമ്പൂര്‍ണ പോര്‍ട്ടലിലും ഹാജര്‍ രേഖപ്പെടുത്തും. പട്ടികവര്‍ഗത്തിൽപ്പെട്ട കുട്ടികളുടെ കണക്ക് പ്രത്യേകമായും പോര്‍ട്ടലിൽനിന്ന് ലഭിക്കും.
ഇതോടെ ഏതൊക്കെ കുട്ടികളാണ് സ്കൂളിലെത്താത്തതെന്ന വിവരം ഉപജില്ല വിദ്യാഭ്യാസ ഡയറക്ടര്‍ മുതൽ മുകളിലേക്കുള്ള എല്ലാ തലങ്ങളിലും അപ്പോൾതന്നെ ലഭ്യമാവും. സ്ഥിരമായി സ്കൂളിലെത്താത്ത കുട്ടികളുടെ വിവരങ്ങൾ പഞ്ചായത്തുകൾക്കും പട്ടികവര്‍ഗ വികസന വകുപ്പിനും ഉൾപ്പെടെ ഉടനെ കൈമാറാനും കുട്ടികളുടെ വീടുകളിൽ സന്ദര്‍ശനം നടത്തി പഠനം മുടങ്ങുന്നതിന്റെ കാരണം മനസ്സിലാക്കാനും സാധിക്കും. ഹാജര്‍ രേഖപ്പെടുത്താനും നിരീക്ഷിക്കാനും സുതാര്യവും കാര്യക്ഷമവുമായ സംവിധാനം വരുന്നതോടെ പട്ടികവര്‍ഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമങ്ങൾ കൂടുതൽ കാര്യക്ഷമമാവുമെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ സി.വി. മൻമോഹൻ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.