മാനന്തവാടി: മാനസിക പ്രശ്നമുള്ള ആദിവാസി യുവതിയെ മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിച്ചതായി പരാതി. തിരുനെല്ലി സ്വദേശിയായ 43കാരിയാണ് പീഡനത്തിനിരയായത്. 2023 ഏപ്രിൽ രണ്ടിനാണ് യുവതിയുടെ മകളുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ ദല്ലാളായ കാട്ടിക്കുളം പുളിമൂട് സ്വദേശി പാറേനാൽ വർഗീസ്(42)അന്നു തന്നെ വീട്ടിലെത്തി ഒറ്റക്കായിരുന്ന തന്നെ പീഡിപ്പിക്കുകയും പീഡനം നിരന്തരം തുടർന്നുവെന്നും യുവതി പറഞ്ഞു.
വിവരം പുറത്തുപറഞ്ഞാൽ മന്ത്രവാദിയായ സ്വാമി തന്നെ കൊലപ്പെടുത്തുമെന്ന് വർഗീസ് ഭീഷിണിപ്പെടുത്തിയതായും യുവതി തിരുനെല്ലി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഒരാഴ്ച മുമ്പ് സമാന പരാതി ഇവർ ഉയർത്തിയെങ്കിലും പൊലീസ് ഇടപെട്ട് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും യുവതി ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന് കേസ് ആദിവാസികളുടെ അതിക്രമം തടയുന്ന സ്പെഷൽ മൊബൈൽ സ്ക്വാഡിന് കൈമാറി. ഡിവൈ.എസ്.പി എം.എം.അബ്ദുൽ കരീമിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടക്കുക. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ചൊവ്വാഴ്ചയുണ്ടാകും.
മാനന്തവാടി: ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെയും, കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തിരുനെല്ലി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കൾ പീഡന പരാതി ഒതുക്കി തീർക്കാൻ നടത്തിയ ശ്രമത്തിൽ അന്വേഷണം നടത്തണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
സി.ഐയുമായി നടത്തിയ ചർച്ചയിൽ ചൊവ്വാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്തി പഴുതടച്ച അന്വേഷണം നടത്തുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. ബാലകൃഷ്ണൻ, സി.കെ. ശങ്കരൻ, ടി.കെ. സുരേഷ്, ബിജു കുഞ്ഞുമോൻ, പി.കെ. സൈനബ, മായ ദേവി, പി. ആർ ഷീല എന്നിവർ നേതൃത്വം നൽകി.
മാനന്തവാടി: വിശ്വാസം മറയാക്കിക്കൊണ്ട് മന്ത്രവാദത്തിന്റ പേരിൽ പനവല്ലി മിച്ചഭൂമി ഉന്നതിയിലെ ആദിവാസി യുവതിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയ സംഭവം പ്രതിയായ സജീവ കോൺഗ്രസ് പ്രവർത്തകൻ വർഗീസിനെ ഉടൻ അറസ്റ്റ് ചെയ്തു നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം തിരുനെല്ലി ലോക്കൽ കമ്മിറ്റി ആവിശ്യപ്പെട്ടു.
ലോക്കൽ സെക്രട്ടറി ടി.കെ. സുരേഷ്, കെ.ആർ. ജിതിൻ, മായ ദേവി, കെ.സി. നിതിൻ, ഹരിദാസൻ, മിനി, മീന സുരേഷ് എന്നിവർ സംസാരിച്ചു.
കുറ്റവാളിയെ അറസ്റ്റ് ചെയ്യണം- യുവമോർച്ച
മാനന്തവാടി: വിശ്വാസവും മന്ത്രവാദവും മറയാക്കി ആദിവാസി യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസി വനിതകൾക്ക് നേരെയുള്ള ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. അഖിൽ കേളോത്ത്, ശ്രീജിത്ത് കണിയാരം, വിഷ്ണു പയ്യംമ്പള്ളി എന്നിവർ സംസാരിച്ചു.
സി.പി.എം പ്രവർത്തകർ തിരുനെല്ലി പൊലീസ് സ്റ്റേഷനിൽ സമരം നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.