കൽപറ്റ: വയനാട് ജില്ലയിലെ റവന്യൂ വകുപ്പിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർ ജനസമ്പർക്കമുള്ള ഓഫിസുകളിൽ തുടരുന്നതായി ആരോപണം. ആരോപണ വിധേയരായവരിൽ ഏതാനും ജീവനക്കാരെ ജനസമ്പർക്കമുള്ള ഓഫിസുകളിൽനിന്നും മാറ്റാനുള്ള ഫയൽ ബന്ധപ്പെട്ട സെക്ഷനിൽ തയാറാക്കിയിരുന്നെങ്കിലും നടപ്പിലായില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിന് ശേഷം സ്ഥലംമാറ്റത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവ് നിലനിൽക്കുന്നതാണ് ഇവരെ മാറ്റാതിരിക്കാൻ കാരണമെന്നാണ് വിശദീകരണം.
എന്നാൽ, ആഴ്ചകൾക്ക് മുമ്പെ ജീവനക്കാരെ മാറ്റാനുള്ള ഫയലുകൾ തയാറാക്കിയിരുന്നെങ്കിലും ബന്ധപ്പെട്ട സെക്ഷനുകൾ തുടർനടപടി സ്വീകരിക്കാതെ നീട്ടുക്കൊണ്ടുപോവുകയായിരുന്നെന്ന് ജീവനക്കാർ ആരോപിക്കുന്നു. സി.പി.ഐ നിയന്ത്രണത്തിലുള്ള ഭരണകക്ഷി സർവിസ് സംഘടനയായ ജോയിൻ കൗൺസിലിൽ അഴിമതി ആരോപണം നേരിടുന്ന സംസ്ഥാന കൗൺസിൽ അംഗമുൾപ്പെടെ മൂന്ന് നേതാക്കളെ പ്രാഥമിക അംഗത്വം മാത്രം നിലനിർത്തി സംഘടനാ ചുമതലകളിൽനിന്നും കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
മാനന്തവാടി താലൂക്ക് ഓഫിസിലെ സീനിയർ ക്ലർക്ക്, മാനന്തവാടി താലൂക്കിലെ വില്ലേജ് അസിസ്റ്റന്റ്, വനിത വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർക്കെതിരെയാണ് നടപടി. എന്നാൽ, ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് നൽകാൻ പോലും നേതൃത്വം തയാറായില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. നടപടി പുറത്തു പറയാതെ ഇവരെ സംരക്ഷിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ആരോപണ വിധേയരായി പുറത്താക്കപ്പെട്ടവരിൽ ചിലർ മറ്റു നേതാക്കൾക്കെതിരേയുള്ള ആരോപണങ്ങൾ അടുത്ത ദിവസം പുറത്തുവിടുമെന്ന സൂചനയുമുണ്ട്. അഴിമതി ആരോപണ വിധേയരായ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് ഇപ്പോഴും ജനസമ്പർക്കമുള്ള ഓഫിസുകളിൽ തുടരുന്നത്.
വിജിലൻസ് അന്വേഷണം നേരിടുന്ന റവന്യൂ ജീവനക്കാർക്കെതിരെ പൊലീസ് ഇന്റലിജൻസ് വിഭാഗം നേരത്തേ നൽകിയ റിപ്പോർട്ട് പൂഴ്ത്തിയതായും ആരോപണമുണ്ട്. 2018 ലുണ്ടായ പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ പ്രതിയായി കേസിൽപ്പെട്ട് വിചാരണ നേരിടുന്ന വില്ലേജ് ഓഫിസർക്കെതിരെ പട്ടയത്തിന്റെ ഫയൽ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഉയർന്ന പരാതിയിൽ കൂടുതൽ തെളിവുകൾ കിട്ടിയിട്ടും റവന്യൂ വകുപ്പിലെ ഉന്നതർ ഇടപെട്ട് സംരക്ഷിക്കുകയാണെന്നാണും പറയുന്നു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം ഓൺലൈനായി നടത്തണമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും ഭരണ കക്ഷി സർവിസ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമായ സുൽത്താൻബത്തേരി വില്ലേജിലെ ജീവനക്കാരൻ നിയമവിരുദ്ധമായി വർക്കിങ് അറേഞ്ച്മെന്റ് നേടിയതിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.