കെ.എസ്.ആർ.ടി.സി സർവിസുകൾ ഉടൻ ആരംഭിക്കണം

ഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിർത്തിയായ സുൽത്താൻ ബത്തേരിയിലേക്കും വഴിക്കടവിലേക്കുംവരുന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ ഗൂഡല്ലൂരിലേക്ക് നീട്ടണമെന്ന് ഗൂഡല്ലൂരിലെ ഡി.വൈ.എഫ്.ഐ നേതാവ് ടി.ടി. ഷംസുദ്ദീൻ കേരള ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് അധികൃതർക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ജീവനക്കാരുടെ കുറവു മൂലം നിർത്തിവെച്ച സുൽത്താൻ ബത്തേരിയിൽനിന്നും പാട്ടവയൽ ഗൂഡല്ലൂർ, നാടുകാണി, വഴിയുള്ള പെരിന്തൽമണ്ണ സർവിസ് ഉടൻ ആരംഭിക്കണം. താളൂർ, ചേരമ്പടി, പന്തല്ലൂർ നാടുകാണി വഴിയുള്ള തൃശൂർ സർവിസും കൽപറ്റ ഡിപ്പോയിൽനിന്നുള്ള ചേരമ്പടി, പന്തല്ലൂർ, നാടുകാണി വഴിയുള്ള പാലക്കാട്‌ സർവിസും നിലമ്പൂർ ഡിപ്പോയിൽനിന്നും ഗൂഡല്ലൂരിൽ വന്ന് തിരിച്ച് മഞ്ചേരിയിലേക്കും പെരിന്തൽമണ്ണയിലേക്കുമുള്ള രണ്ട് സർവിസും ആരംഭിക്കണം. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലുള്ള മിക്ക ആളുകളും കേരളത്തിലെ മിക്ക ജില്ലകളെയും ആശ്രയിച്ച് ജോലി, കച്ചവടം, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, കുടുംബ ബന്ധങ്ങളുമായും ബന്ധപ്പെടുന്നവരായതിനാൽ യാത്രക്ക് ഏക ആശ്രയം കെ.എസ്.ആർ.ടി.സി സർവിസുകളാണ്. മതിയായ ജീവനക്കാരെ നിയമിച്ച് സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.