ഡിജിറ്റൽ സർവേ; ബത്തേരി താലൂക്കിലെ തുടക്കം അമ്പലവയലിൽ

സുൽത്താൻ ബത്തേരി: കേന്ദ്ര സർക്കാറിന്റെ സഹകരണത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭൂമിയുടെ ഡിജിറ്റൽ സർവേയുടെ സുൽത്താൻ ബത്തേരി താലൂക്കിലെ തുടക്കം അമ്പലവയൽ വില്ലേജിലെന്ന് റവന്യു അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭൂ ഉടമസ്ഥർക്കും പൊതുജനങ്ങൾക്കും ഭൂമി സംബന്ധമായ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അത്യാധുനിക സർവേ ഉപകരണങ്ങളാണ് ഡിജറ്റൽ സർവേക്കായി ഉപയോഗിക്കുന്നത്. ഡ്രോൺ സർവേക്ക്​ അനുയോജ്യമായ 20 ശതമാനം പ്രദേശങ്ങൾ ഡ്രോൺ ഉപയോഗിച്ചും ബാക്കി 80 ശതമാനം ഭാഗം അത്യാധുനിക സർവേ ഉപകരണങ്ങളും ഉപയോഗിച്ചുമാണ് ചെയ്യുക. മാർച്ച് ആദ്യവാരം അമ്പലവയലിൽ ഡ്രോൺ സർവേ തുടങ്ങും. ഡ്രോൺ സർവേക്ക്​ ഭൂ ഉടമകൾ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ലൈനുകൾ അതിർത്തികളിൽ സ്ഥാപിക്കണം. ഹൈ റെസല്യൂഷൻ കാമറയിൽ അതിർത്തികൾ പതിയും. ലൈൻ മാർക്ക് ചെയ്യുമ്പോൾ തർക്കമുണ്ടെങ്കിൽ പൊതു പ്രവർത്തകരുടേയും റവന്യൂ വകുപ്പിന്‍റെയും മറ്റും സഹായം തേടാം. സർവേ പൂർത്തിയാകുന്ന മുറക്ക്​ ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് ഉടമക്ക്​ ലഭിക്കും. നിലവിലെ സർവേ നമ്പർ, സബ് ഡിവിഷൻ നമ്പർ, തണ്ടപ്പേർ എന്നിവ കാലഹരണപ്പെടും. ഉടമസ്ഥർക്ക് പുതിയ നമ്പറിലുള്ള കാർഡാണ് ലഭിക്കുക. സർവേ നടപടികളുടെ ജില്ല നോഡൽ ഓഫിസർ ആർ. ജോയി, സുൽത്താൻ ബത്തേരി തഹസിൽദാർ പി.എം. കുര്യൻ, സർവേ ഡെപ്യൂട്ടി ഡയറക്ടർ കെ. അനിൽകുമാർ, സർവേ സൂപ്രണ്ട് ഷാജി കെ. പണിക്കർ, ഭൂരേഖ തഹസിൽദാർ ആന്‍റോ ജേക്കബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.