തിരുവനന്തപുരം: നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി 'കേരളീയ'ത്തിന്റെ വമ്പൻ സംസ്കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള സമ്പൂർണ കലാവിരുന്ന് അരങ്ങേറുക.
ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വൈവിധ്യമാർന്ന സാംസ്കാരിക-കലാവിരുന്നാണ് കേരളീയത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഒമ്പത് തീമുകളിലായായി അവതരിപ്പിക്കുന്ന കലാപരിപാടികൾ നവംബർ ഏഴിന് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാഷോയോടെ സമാപിക്കും.
കാസർകോട് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്തെ എല്ലാ കലാമേഖലകളിൽ നിന്നുമുള്ള നാലായിരത്തോളം കലാകാരന്മാർ അണിനിരക്കും. ചെറുതും വലുതുമായ 300 കലാപരിപാടികളാണ് നടക്കുക.
ക്ലാസിക്കൽ കലകൾ, അനുഷ്ഠാന കലകൾ, നാടൻ കലകൾ, ഗോത്ര കലകൾ, ആയോധന കലകൾ, ജനകീയ കലകൾ, മലയാള ഭാഷാസാഹിത്യം, മലയാളസിനിമ സംബന്ധമായ കലാരൂപങ്ങൾ തുടങ്ങിയ തീമുകളിലാണ് നവംബർ ഒന്നുമുതൽ ആറുവരെ സംഘടിപ്പിക്കുക. നിശാഗന്ധി ഓഡിറ്റോറിയം, പുത്തരിക്കണ്ടം മൈതാനം, ടാഗോർ തിയറ്റർ എന്നിവയാണ് പ്രധാനവേദികൾ. മെഗാഷോ ഒഴിച്ചുള്ള മുഖ്യ സാംസ്കാരിക പരിപാടികളാണ് ഇവിടങ്ങളിൽ നടക്കുക.
വിവേകാനന്ദ പാർക്ക്, കെൽട്രോൺ പാർക്ക്, ടാഗോർ ഓപൺ എയർ ഓഡിറ്റോറിയം, ഭാരത് ഭവൻ, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം, മ്യൂസിയം റേഡിയോ പാർക്ക്, സത്യൻ സ്മാരകം, യൂനിവേഴ്സിറ്റി കോളജ് പരിസരം, എസ്.എൻ.വി. സ്കൂൾ പരിസരം, ഗാന്ധി പാർക്ക് തുടങ്ങിയ 12 ചെറുവേദികളിലും പരിപാടികൾ അരങ്ങേറും. പ്രഫഷനൽ നാടകങ്ങൾക്കും കുട്ടികളുടെ നാടകങ്ങൾക്കുമായി സെനറ്റ് ഹാളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപൺ എയർ തിയറ്ററും സജ്ജമാക്കിയിട്ടുണ്ട്.
തെയ്യാട്ടങ്ങൾ, പൊയ്ക്കാൽരൂപങ്ങൾ, കരകാട്ടം, മയിലാട്ടം, തെരുവു മാജിക്, തെരുവു സർക്കസ്, തെരുവുനാടകം, കുരുത്തോല ചപ്രം തുടങ്ങിയ കലാരൂപങ്ങൾക്കായി 12 വഴിയോര വേദികളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പ്രത്യേക വേദിയായി ഒരുക്കുന്ന തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സർക്കസും മലയാളിയുടെ പഴയകാല സ്മരണകളുടെ പ്രദർശനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.