ഇലകമണിൽ അപ്രോച്ച് റോഡ് ഇല്ലാതെ നിർമിച്ച കണിയാൻകുന്ന് പാലം
വർക്കല: കണിയാൻകുന്നിൽ പാലം പണിതിട്ടും അപ്രോച്ച് റോഡ് ഇല്ല. നൂറോളം കുടുംബങ്ങൾ യാത്രാദുരിതത്തിലായിട്ട് നാളുകളായി. അപ്രോച്ച് റോഡ് എന്ന് വരും എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇലകമൺ പഞ്ചായത്തിലാണ് ഒരു കോടി രൂപ ചെലവഴിച്ച് ഇലകമൺ ഏലാ തോടിന് കുറുകെ പാലം നിർമിച്ചത്. പാലം വന്നെങ്കിലും നാട്ടുകാർക്ക് പാലംകൊണ്ട് പ്രയോജനമില്ലാത്ത സ്ഥിതിയാണ്.
അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ പാലത്തിന്റെ മറുവശത്തേക്ക് നടന്ന് ഇറങ്ങിപ്പോകാൻ പോലും കഴിയാത്ത അവസ്ഥയായി. പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് ഇതുമൂലം രൂക്ഷമായ യാത്രാക്ലേശം നേരിടുന്നത്. കൊച്ചുപാരിപ്പള്ളി- കിഴക്കേപ്പുറം മരാമത്തുറോഡിലെ മേച്ചേരിപാലവുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ആവശ്യം പഞ്ചായത്ത് ഭരണനേതൃത്വം ചെവിക്കൊണ്ട മട്ടില്ല.
ഇലകമൺ കരവാരം മഠത്തിൽ റോഡിൽ പ്രിയദർശിനി ഇൻഡസ്ട്രീസ് സഹകരണ സംഘം കോമ്പൗണ്ടിന് സമീപം താമസിക്കുന്ന കുടുംബങ്ങളെല്ലാം മഴക്കാലത്ത് ഒഴുകിയെത്തി കെട്ടിനിൽക്കുന്ന മലിനജലത്തിന്റെ ദുരിതം പേറുകയാണ്. ഇവിടം താരതമ്യേന താഴ്ന്ന പ്രദേശമായതിനാൽ നാലുമുക്ക് മഠത്തിൽ റോഡിൽനിന്ന് വരുന്നമലിനജലം വീടുകളിലേക്ക് ഒഴുകിയെത്തുകയാണ്.
കരവാരം മഠത്തിൽ പ്രദേശത്ത് അടിയന്തരമായി ഓട നിർമിച്ച് ഇലകമൺ ഏലാതോടുമായി ബന്ധിപ്പിക്കുന്ന ഓടയുടെ മുകളിൽ കോൺക്രീറ്റ് സ്റ്റാബുകളിട്ട് മൂടി സുരക്ഷിതമാക്കിയും വഴിയിൽ ഇന്റർലോക്ക് പാകിയും നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതിവരുത്തണമെന്ന ആവശ്യം ശക്തമായി.
പ്രശ്നപരിഹാരത്തിന് മൈനർ ഇറിഗേഷൻ വകുപ്പ്-എൻ.ആർ.ഇ.ജി.എസ് തുടങ്ങിയ ഫണ്ടുകൾ വിനിയോഗിച്ച് പദ്ധതി നടപ്പാക്കണമെന്ന് ഇലകമൺ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് വിനോജ് വിശാൽ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.