വോട്ടുറപ്പിക്കാൻ ‘ടാഗ് ലൈനു’കളുമായി അഭ്യർഥനയും പോസ്റ്ററും

വർക്കല: വോട്ടർമാരുടെ മനസിൽ ഇടംപടിക്കാനും വോട്ടുറപ്പിക്കാനും പതിനെട്ടടവും പയറ്റി സ്ഥാനാർഥികൾ സ്ക്വാഡ് പ്രചാരണത്തിൽ സജീവം. പതിവിന് വിപരീതമായി അഭ്യർഥനകളിലും പോസ്റ്ററുകളിലും ബോർഡുകളിലുമെല്ലാം ‘ടാഗ് ലൈനു’കൾ നിറഞ്ഞതാണ് ഇത്തവണത്തെ പ്രത്യേകത. സ്ഥാനാർത്ഥിയുടെ പേരിനേക്കാളും വലുപ്പത്തിലും കണ്ണഞ്ചിപ്പിക്കുന്ന കളറിലാണ് ടാഗ് ലൈനുകൾ പ്രചാരണ സാമഗ്രികളിൽ നിറഞ്ഞത്.

‘വികസനത്തുടർച്ചക്ക്’, ‘നമ്മുടെ സ്വന്തം‘, ‘വികസനമെത്തിക്കാൻ‘, ‘നാടറിയുന്നവൻ’, ‘ജനനായകൻ’ തുടങ്ങിയ പഴകിയ വാക്കുകൾ ഒഴിവാക്കി ‘കൂടെയുണ്ട്’, ‘ഒപ്പമുണ്ടാകണം’, ‘നാടിനൊപ്പം’, ‘ജനപക്ഷത്ത്’ എന്നിങ്ങനെ വോട്ടർമാരെ കൂടുതൽ ആകർഷിപ്പിക്കാനും തങ്ങളിലേക്ക് അടുപ്പിക്കാനും പുതുമയുള്ള കാപ്ഷനുകളാണ് എല്ലാവരും പയറ്റുന്നത്.

‘ഒറ്റപ്പെടില്ല നാടും നിങ്ങളും’, ‘ഒപ്പമുണ്ടാകും എന്നും ഞാനും’, ‘നവോത്ഥാന മണ്ണിൽ നേരിനൊപ്പം, സത്യത്തോടെ’, ‘പോരാട്ട യൗവനം’, ‘തീക്ഷ്ണ യൗവനം’, ‘സമരഭൂമിയിലെ തീക്കാറ്റ്’, ‘നേരിന്റെ നായകൻ’, ‘മാറണം നാട്, വരണം വികസനം’, ‘മാറി ചിന്തിക്കാം ഇത്തവണത്തേക്ക്’ എന്നിങ്ങനെ കേൾക്കാൻ ഇമ്പമുള്ള തും മനസ് തൊടുന്നതുമായ ടാഗ് ലൈനുകളാൽ നിറഞ്ഞതാണ് ഇത്തവണത്തെ പ്രാചാരണ വാക്യങ്ങൾ.

ചിലരുടെ അഭ്യർഥനകളിൽ നാടിന്റെ ചിത്രം കാർട്ടൂൺ വരകളായും ഇടംപിടിച്ചു. മറ്റുചിലരാകട്ടെ ദേശീയ നേതാവിനൊപ്പമുള്ള ചിത്രങ്ങളുടെ അകമ്പടിയോടെയാണ് അഭ്യർത്ഥന അച്ചടിച്ചത്. ചില വിമത സ്ഥാനാർത്ഥികൾ അവരവുടെ പാർട്ടി പദവികൾ വച്ച് നടത്തിയ ജനപക്ഷ പ്രവർത്തനങ്ങളെ വിവരിക്കുന്നതിനൊപ്പം സീറ്റ് നിഷേധിക്കപ്പെട്ടതിലെ അമർഷവും വെളിപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീ സ്ഥാനാർത്ഥികളിൽ ബഹുഭൂരിപക്ഷവും കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ് നടത്തിപ്പിലെ തങ്ങളുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് അഭ്യർഥനകൾ അച്ചടിച്ചത്. പലരും ചെറു പ്രകടന പത്രികക്ക് സമാനമായി വാഗ്ദാനങ്ങളുടെ പട്ടികയും നിരത്തിയിട്ടുണ്ട്.

വർക്കല മേഖലയിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാവരും ആർട്ട് പേപ്പറിലാണ് മൾട്ടി കളറിൽ അഭ്യർത്ഥനയും പോസ്റ്ററുകളും ഇറക്കിയത്. സാധാരണ സ്ഥാനാർത്ഥിയുടെ മുഖമാണ് പ്രചാരണ സാമഗ്രികളിൽ അച്ചടിക്കപ്പെട്ടതെങ്കിൽ ഇത്തവണ ബഹുഭൂരിപക്ഷം പേരും ഫുൾ ഫോട്ടോ ചേർത്താണ് അച്ചടി നടത്തിയത്. പോസ്റ്ററുകളാകട്ടെ എല്ലാപേരും ആർട്ട് പേപ്പറിൽ മൾട്ടി കളറിലാണ് അച്ചടിച്ച് ഒട്ടിച്ചത്.

സാധാരണ മാപ് ലിത്തോ പേപ്പറിൽ ഇക്കുറി ആരും അഭ്യർഥനയും പോസ്റ്ററുകളും ചെയ്തിട്ടില്ല. ഒട്ടിച്ച പോസ്റ്ററുകളാകട്ടെ മഴ നനഞ്ഞ് ഇളകി നിലത്തു വീഴുന്നുമുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാൻ മൈദ മാവിലുള്ള പശ മാറ്റി ഫെവിക്കോൾ പശയിലേക്കും പലരും മാറിക്കഴിഞ്ഞു. ബോർഡുകളിൽ മിക്കവാറും എല്ലാം തുണിയും കട്ടി കൂടിയ പേപ്പർ മെറ്റീരിയലിലുമാണുള്ളത്.നിരോധനം ഉള്ളതിനാൽ 'ഫ്ലക്സ് ' മെറ്റീരിയൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - election campaign poster with tag lines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.