ബി.എൽ.ഒ മാരെ നിയോഗിച്ചില്ല; ജില്ലയിലെ 160ലേറെ ബൂത്തുകളിൽ ഫോറം വിതരണം മുടങ്ങി

വർക്കല: ജില്ലയിൽ എസ്.ഐ.ആറിന് നിയോഗിക്കപ്പെട്ടവരിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജീവനക്കാരെ ഒഴിവാക്കണമെന്ന് ഉത്തരവ് ഇറങ്ങിയെങ്കിലും പകരം ആളെ നിയോഗിക്കാൻ അധികൃതർക്കായില്ല.ഇതുമൂലം ജില്ലയിലെ 160 ൽ അധികം ബൂത്തുകളിൽ എന്യുമറേഷൻ ഫോറം വിതരണം ഇതുവരെയും തുടങ്ങാനായില്ല. പകരം ജീവനക്കാരെ നിയോഗിക്കാത്തതുമൂലം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ സമ്മർദ്ദംചെലുത്തി ഫാറം വിതരണം ചെയ്യിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റിലീവിങ് ഓർഡർ നൽകാത്തതുമൂലം ബി.എല്‍.ഒ മാരായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് പ്രസ്തുത ജോലി ഏറ്റെടുത്ത് നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇവരിൽ ഭൂരിഭാഗവും വിതരണം ചെയ്യേണ്ട ഫാറങ്ങൾ കൈപ്പറ്റിയിട്ടുമില്ല. ഫാറം കൈപ്പറ്റിയവരാകട്ടെ വിതരണം ചെയ്തു തുടങ്ങിയിട്ടുമില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദതന്ത്രത്തിന്റെ ഫലമായി ചിലർ കഴിഞ്ഞ ദിവസം ഫാറം വിതരണംചെയ്തു. അവരുടെ എണ്ണം പക്ഷേ തുലോം കുറവാണ്. അതായത് ബഹുഭൂരിപക്ഷം ബുത്തുകളിലും ഫാറം വിതരണം തടന്നിട്ടില്ല എന്നതാണ് വസ്തുത.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് അധികൃതർ ബി.എൽ.ഒ മാരിൽ സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്നത്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേലധികാരികളാകട്ടെ തങ്ങളുടെ അധീനതയിലുള്ള ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയുമായുള്ള ചുമതലകൾ നൽകി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ ഉത്തരവ് അവഗണിച്ചാണ് ബി.എൽ.ഒ ഡ്യൂട്ടി നിർവഹിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.എന്നാൽ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരികളുടെ നിർദ്ദേശം അവഗണിച്ച് എങ്ങനെ ബി.എൽ.ഒ ഡ്യൂട്ടി ചെയ്യുമെന്നാണ് തദ്ദേശഭരണ ഉദ്യോഗസ്ഥർ ചോദിക്കുന്നത്.

ഈ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്, അവധി ദിവസങ്ങളിൽ ബൂത്തുകളിൽ ഇറങ്ങി ഫാറം വിതരണം ചെയ്യാനാണ്. എന്നാൽ അവധി കഴിഞ്ഞുള്ള ദിവസങ്ങളിൽ എന്തു ചെയ്യുമെന്ന അനിശ്ചിതാവസ്ഥയിലാണ് തദ്ദേശഭരണ ഉദ്യോഗസ്ഥർ.

മേലധികാരികളുടെ അനുമതിയില്ലാതെയും അവധി ലഭിക്കാതെയും റിലീവിങ് ഓർഡർ ലഭിക്കാതെയും മറ്റൊരു ജോലിക്ക് ഇറങ്ങുന്നത് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.മറ്റുപല ജില്ലകളിലും പകരം ഉദ്യോഗസ്ഥരെ നിയമിച്ചുള്ള ഉത്തരവുകൾ ഇറങ്ങുകയും നിയോഗിക്കപ്പെട്ടവർ അവരവരുടെ ബൂത്തുകളിലെ ബി.എൽ.ഒ ജോലി ഏറ്റെടുത്ത് നിർവഹിക്കുവാനും തുടങ്ങിയിട്ടുണ്ട്.

എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഇതുവരെ പകരം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. തന്മൂലം ബി.എൽ.ഒ ഡ്യൂട്ടിയും തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ലഭിച്ചിട്ടുള്ള ജീവനക്കാർ രണ്ടും ചെയ്യേണ്ട ഗതികെട്ട അവസ്ഥയിലാണ്. എന്യുമറേഷൻ ഫാറം വിതരണം നടക്കാത്തതുമൂലം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ ഇ.എഫ്(E.F) വിതരണം തിരുവനന്തപുരം ജില്ലയിൽ 160 ഓളം ബൂത്തുകളിൽ സീറോ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Tags:    
News Summary - distribution of forms was delayed due to not appointed BLOs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.