വർക്കല: നഗരസഭയുടെ ചെയർപേഴ്സണെയും വൈസ് ചെയർമാനെയും വെള്ളിയാഴ്ച തെരഞ്ഞടുക്കും. നിലവിൽ ഒരുമുന്നണിക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത കൗൺസിലാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷി സി.പി.എം ആണ്. സി.പി.എമ്മിന് 16 കൗൺസിലർമാരാണുള്ളത്. രണ്ടാമത്തെ കക്ഷി ബി.ജെ.പിയാണ്. അവർക്ക് 10 ഉം കോൺഗ്രസിന് 6 ഉം കൗൺസിലർമാരുണ്ട്. കോൺഗ്രസ് റിബലുകളായി മൽസരിച്ച് ജയിച്ച രണ്ട് സ്വതന്ത്രന്മാരും ഉണ്ട്.
ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുതിർന്ന സി.പി.എം കൗൺസിലർ ഗീത ഹേമചന്ദ്രനെ മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. തെരഞ്ഞെടുപ്പ് വേളയിലും സി.പി.എമ്മിന് ഭൂരിപക്ഷം ലഭിച്ചാൽ ഗീത ഹേമചന്ദ്രനാകും ചെയർപേഴ്ണാവുകയെന്ന പ്രചാരണവും ഉണ്ടായിരുന്നു. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സി.പി.എമ്മിലെ ബി. സുനിൽകുമാറിനെ മത്സരിപ്പിക്കാനാണ് സിപി.എം തീരുമാനം. കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുണ്ടെങ്കിലും തടസ്സങ്ങളില്ലാതെ ഭരണത്തിലേറാമെന്നാണ് സി.പി.എം വിലയിരുത്തൽ.
സ്വതന്ത്രന്മാരുടെ പിന്തുണ ഉറപ്പാക്കാനായി സി.പി.എം നേതൃത്വം രണ്ടു പേരുമായും ചർച്ചകൾ നടത്തിയിരുന്നു. ഇരുവർക്കും ഭരണസമിതിയിൽ ഉയർന്ന സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തുവെന്നും അറിയുന്നു. എന്നാൽ സ്വതന്ത്രന്മാരായ നടയിൽ നിന്നു ജയിച്ച വൈ. ഷാജഹാനും രാമന്തളിയിൽ നിന്നും ജയിച്ച എസ്. പ്രസാദും അടിയുറച്ച കോൺഗ്രസുകാരാണ്. സി.പി.എമ്മുമായി കക്ഷിബന്ധം സ്ഥാപിക്കാനാവില്ലെന്നാണ് ഇവർ സി.പി.എം നേതൃത്വത്തെ അറിയിച്ചത്. എന്നാൽ തങ്ങളോട് ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അവർ പറയുന്നത്.
വർക്കല ബ്ലോക്ക് പഞ്ചായത്തിലും ഭരണത്തുടർച്ച ലഭിച്ച സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫ് ഭരണസമിതി ഉണ്ടാക്കും. സി.പി.എം ഏരിയാ കമ്മിറ്റിയംഗമായ സന്തോഷ് കുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. സി.പി.എമ്മിലെ തന്നെ വി. സെൻസി വൈസ് പ്രസിഡന്റാകും.
സി.പി.എമ്മിന് ഭരണത്തുടർച്ച ലഭിച്ച ഇടവ ഗ്രാമപ്പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വജയിച്ച റീതു മോഹൻ പ്രസിഡന്റാകും. ഇലകമൺ ഗ്രാമപ്പഞ്ചായത്തിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗം അയിരൂർ ശ്രീധരൻകുമാറും ചെറുന്നിയൂരിൽ പഞ്ചായത്തംഗമായിരുന്ന സി.പി.എമ്മിലെ ശിവകുമാറും പ്രസിഡന്റാകും.
കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ച വെട്ടൂർ പഞ്ചായത്തിലും ബി.എസ്.പി പിന്തുണയോടെ ഭരണം ഉറപ്പിച്ച ചെമ്മരുതി പഞ്ചായത്തിലും ആരൊക്കെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരുമാകുമെന്നതിൽ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.