വർക്കല: വിമതരിൽതട്ടി നിയന്ത്രണം വിട്ട് എൽ.എഡി.എഫും യു.ഡി.എഫും. ഭരണവിരുദ്ധ വികാരത്തെ ഏതുവിധേനയും മറികടന്ന് മൂന്നാംവട്ടവും നഗരസഭ ഭരണം നിലനിർത്താൻ ഇറങ്ങിയ എൽ.ഡി.എഫും രണ്ട് തവണയായി കൈവിട്ട നഗരസഭയെ തിരിച്ചുപിടിക്കാൻ എല്ലാ കരുക്കളും നീക്കാൻ ഗൃഹപാഠം ചെയ്തിറങ്ങിയ യു.ഡി.എഫും വിമതപ്പോരിൽ വിറച്ചുനിൽക്കുകയാണ്.
ആവനാഴിയിലെ എല്ലാ അടവുകളും പയറ്റാൻ മാസങ്ങൾക്ക് മുന്നേ വി.ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ റിഹേഴ്സൽ നടത്തിവന്ന എൽ.ഡി.എഫിന് അപ്രതീക്ഷിതമായേറ്റ അടിയായിരുന്നു നഗരസഭാ ചെയർമാൻ കെ.എം.ലാജിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതി വിധി.ഏതുവിധേനയും ഭരണം തിരിച്ചുപിടിക്കാനിറങ്ങിയ യു.ഡി.എഫിന് ഇത് പുത്തനുണർവ് നൽകി. എന്നാൽ, വർക്കല കഹാറിന്റെ നേതൃത്വത്തിൽ ചാണക്യതന്ത്രങ്ങൾ പയറ്റാനുറച്ച് കളംനിറഞ്ഞ യു.ഡി.എഫിന് ഇപ്പോൾ വിമതശല്യം അങ്കലാപ്പ് നൽകിയിരിക്കുകയാണ്.വിമതപ്പോര് നാടാകെ പരന്നതോടെ അണികളിൽ ആവേശം നിറയ്ക്കാനാവാതെ തണുത്തുപോയ അവസ്ഥയിലായി നഗരസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം.
സ്ഥാനാർഥികൾ നിരന്നിട്ടും തെരഞ്ഞെടുപ്പാവേശമില്ലാത്ത അവസ്ഥതിലാണ് വർക്കല നഗരസഭ. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ 34 വാർഡുകളിലും നാമനിർദ്ദേശ പത്രിക നൽകിയെങ്കിലും പലയിടങ്ങളിലും വിമതരും സ്വതന്ത്രരും കൂടി രംഗത്തിറങ്ങിയതാണ് അണികളിലെ ആവേശം ചോരാൻ കാരണമായത്.യു.ഡി.എഫ് ഘടക കക്ഷിയായ മുസ്ലീം ലീഗ് ഇത്തവണ ആറ് സീറ്റുകൾ ചോദിക്കുക മാത്രമല്ല തീരദേശ വാർഡുകൾ തന്നെ വേണമെന്നും ശാഠ്യം പിടിച്ചു.മൂന്ന് സീറ്റ് നൽകാമെന്ന യു.ഡി.എഫ് നേതാക്കളുടെ നിർദ്ദേശം ലീഗ് തള്ളിയതോടെ ലീഗുമായുള്ള സീറ്റ്ചർച്ചകൾ കോൺഗ്രസ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ലീഗ് ജില്ല കൗൺസിൽ അംഗം എ.ദാവൂദ് കണ്വാശ്രമം വാർഡിൽ മൽസരിക്കാൻ പത്രിക നൽകുകയും ചെയ്തു.മറ്റൊരു ഘടക കക്ഷിയായ ആർ.എസ്.പിക്ക് പതിവായി ടീച്ചേഴ്സ് കോളനി വാർഡാണ് നൽകി വന്നത്. ഇക്കുറി അവർ പുത്തൻചന്ത ആവശ്യപ്പെടുകയും യു.ഡി.എഫ് നൽകുകയും ചെയ്തു. ഇവിടെ കോൺഗ്രസ് നേതാവായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറിയാണ് യു.ഡി.എഫ് സ്ഥാനാർഥി.
കോൺഗ്രസിൽ നിന്നും വിമതരായി മുൻ കൗൺസിലർമാർ തന്നെ വിവിധ വാർഡുകളിൽ മൽസരത്തിന് പത്രിക നൽകിയിട്ടുണ്ട്. മൂന്ന് തവണ കൗൺസിലറും ഒരു തവണ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും രണ്ടാം തവണ താലൂക്കിലെ ഉയർന്ന ഭൂരിപക്ഷവും നേടിയ വൈ.ഷാജിയാണ് നടയറ വാർഡിലെ യു.ഡി.എഫ് വിമതൻ. ഇവിടെ മുമ്പ് ചെമ്മരുതി ജില്ല പഞ്ചായത്ത് ഡിവിഷനിൽ മൽസരിച്ച് പരാജയപ്പെട്ട ഡി.സി.സി സെക്രട്ടറി കെ.ഷിബുവാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി.രാമന്തളി വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി സുധിയാണ്. ഇവിടെ മുമ്പ് രണ്ട് തവണ കൗൺസിലറായിരുന്ന കോൺഗ്രസിലെ എസ്.പ്രസാദ് വിമതനായി പത്രിക നൽകി. അനുനയ ശ്രമം പോലും ഉണ്ടാകാത്തനിനെ തുടർന്ന് പ്രസാദ് മൽസര രംഗത്ത് തന്നെ ഉറച്ചുനിൽക്കുകയാണ്. എൽ.ഡി.എഫിലെ രതീഷും ബി.ജെ.പിയുടെ ശ്രീനാവാസനും ഇവിടെ മൽസരിക്കുന്നു.
തച്ചൻകോണം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഷാജി സത്യവാൻ മൽസരിക്കുന്നു. ഇവിടെ മുൻ കൗൺസിലർ പി.എസ്.വിനയകുമാരിയാണ് വിമത. വിനയകുമാരിയുമായി കോൺഗ്രസ് നേതൃത്വം അനുനയ ചർച്ചകൾ നടത്തുകയാണ്.വള്ളക്കടവ് വാർഡിൽ പ്രമുഖ കോൺഗ്രസ് നേതാവ് ബിജു ഗോപാലനാണ് യു.ഡി.എഫ് സ്ഥാനാർഥി. മുമ്പ് യു.ഡി.എഫ് നഗരസഭാ ഭരണസമിതിയിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായും ഒരുവേള മൂന്ന് മാസത്തിലധികം ആക്ടിങ് ചെയർമാനായും നഗരസഭയെ നയിച്ച ബിജു ഗോപാലനതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹി പ്രതീഷ് വിമതനായി രംഗത്തുണ്ട്. പ്രതീഷിനെ അനുനയിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.പാറയിൽ വാർഡിലും കോൺഗ്രസിന് വിമത ശല്യമുണ്ട്. രണ്ട് തവണ കൗൺസിലറായിരുന്ന എ.ആർ.രാഗശ്രിയാണ് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. മുൻ കൗൺസിലറായ കോൺഗ്രസിന്റെ കൃഷ്ണകുമാർ ഇവിടെ വിമതനാണ്. ഇദ്ദേഹവുമായും നേതാക്കൾ അനുനയ ചർച്ചകൾ തുടരുന്നുണ്ട്.രഘുനാഥപുരം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കബീറിനും വിമതനുണ്ട്. മുതിർന്ന നേതാവും മുൻ കൗൺസിലറുമായ പാറപ്പുറം ഹബീബുല്ലയെ മൽസര രംഗത്തുനിന്ന് പിന്തിരിപ്പിക്കാൻ ഡി.സി.സി നേതൃത്വം തന്നെ ശ്രമം നടത്തുന്നതായി അറിയുന്നു.
എൽ.ഡി.എഫിനും പല വാർഡുകളിലും വിമതരുണ്ട്. നടയറ വാർഡിൽ സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി സജീവ് ആണ്. ഇവിടെ ഡി.വൈ.എഫ്.ഐ പ്രദേശിക നേതാവ് വൈ.ആർ.മുബാഷ് വിമതനായി പത്രിക നൽകി.അനുനയ ശ്രമങ്ങൾക്കൊന്നും പിടികൊടുക്കാതെ മൽസരിക്കാൻ ഉറച്ച തീരുമാനമെടുത്ത മുബാഷ് പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിരുന്നു. എന്നാൽ മുബാഷിനെ സി.പി.എം നേതൃത്വം അനുനയിപ്പിച്ചതായി അറിയുന്നു. പുന്നമൂട് വാർഡിൽ സി.പി.ഐക്കും സി.പി.എമ്മിനും വിമതരുണ്ട്. ഇവിടം സി.പി.ഐയുടെ സീറ്റാണ്. ആദ്യം എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് നിലവിൽ രണ്ടാം വാർഡിലെ സി.പി.എം കൗൺസിലർ ജയചന്ദ്രൻനായരെയാണ്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇയാളെ മാറ്റി ജയകുമാറിനെ സ്ഥാനാർഥിയാക്കി. ഇതോടെ ജയചന്ദ്രൻ വിമതനായി. ഇദ്ദേഹം മൽസരരംഗത്ത് തന്നെ ഉറച്ചുനിൽക്കുകയാണ്. പുന്നമൂട് വാർഡ് സി.പി.ഐയിൽ നിന്നും തിരിച്ചെടുത്ത് തന്നെ സ്ഥാനാർഥിയാക്കാഞ്ഞതിൽ പ്രതിഷേധിച്ച് സി.പി.എം നേതാവ് എസ്.സുരേഷ് കുമാർ വിമതനായി മൽസരിക്കുന്നുണ്ട്. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി മൂന്ന് വട്ടം കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന എസ്.ജയശ്രീയാണ്.
കരുനിലക്കോട് വാർഡിൽ എൽ.ഡി.എഫിൽ സി.പി.എമ്മിന്റെ സജിത്റോയി ആണ് സ്ഥാനാർഥി. ഇവിടെ മുൻ സി.പി.എം കൗൺസിലർ ശിശുപാലൻ വിമതനായി രംഗത്തുണ്ട്. ഈ വാർഡിലെ സി.പി.എം സജീവ പ്രവർത്തകയായിരുന്ന ശ്രീജക്ക് സി.പി.എം സീറ്റ് നൽകുമെന്നായിരുന്നു പരക്കെ കരുതപ്പെട്ടത്. തന്നെ പാർട്ടി തഴഞ്ഞതിനേ തുടർന്ന് ശ്രീജ കോൺഗ്രസിൽ ചേരുകയും യു.ഡി.എഫ് സ്ഥാനാർഥിയായി ഇതേ വാർഡിൽ മൽസരിക്കുകയും ചെയ്യുന്നു.
ജനാർദ്ദനപുരം വാർഡിലും എൽ.ഡി.എഫിന് വിമത ശല്യമുണ്ട്. ഇവിടെ സി.പി.എമ്മി രഞ്ജു ബിനു ആണ് ഔദ്യോഗിക സ്ഥാനാർഥി. ഇവർക്കെതിരെ മീര വിമതയായി ഉറച്ചു നിൽക്കുന്നു.ടെമ്പിൾ വാർഡിലും എൽ.ഡി.എഫിന് കടുത്ത വെല്ലുവിളിയുമായി വിമതയുണ്ട്. ഇവിടെ നിലവിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ഡി.വൈ.എഫ്.ഐയുടെ യുവ നിരയിൽ പ്രമുഖനുമായ നിതിൻ നായരാണ് സി.പി.എം സ്ഥാനാർഥി. സി.പി.എമ്മിൽ നിന്നും രണ്ട് വിമതരെയാണ് നിതിന് നേരിടേണ്ടി വരുന്നത്. അരുൺ ചന്ദ്രഗിരിയും രണ്ട് വട്ടം സി.പി.എം കൗൺസിലറായിരുന്ന എസ്.ബിന്ദുവുമാണ് വിമതർ.
ശ്രദ്ധേയമായ കാര്യം സി.പി.എം വിമതരെല്ലാം പാർട്ടി മെമ്പർമാരാണെന്നതാണ്. ചിലർ മുൻ ലോക്കൽ കമ്മിറ്റി മെമ്പർമാരുമാണ് സി.പി.എമ്മിനെ പൊതുമധ്യത്തിൽ കുഴക്കുന്നത്. വിമതരുമായി കോൺഗ്രസ്, സി.പി.എം നേതൃത്വം അനുനയചർച്ചകൾ തുടരുന്നുണ്ട്. എന്നാൽ ഇവരിൽ ആരൊക്കെ പത്രിക പിൻവലിച്ച് പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്നറിയാൻ തിങ്കളാഴ്ച വൈകുംവരെ കാത്തിരിക്കേണ്ടി വരും.254 സ്ഥാനാർഥികളാണ് നഗരസഭയിലെ 34 വാർഡുകളിൽ മൽസരിക്കാനായി പത്രികനൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.