സാമൂഹികവിരുദ്ധർ നശിപ്പിച്ച ക്ലാസ് മുറി
വർക്കല: രാത്രിയുടെ മറവിൽ രണ്ട് വിദ്യാലയങ്ങളിൽ സ്കൂളുകളിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കുരയ്ക്കണ്ണി ഗവ.എൽ.പി.ജി സ്കൂളിലും പാറയിൽ ഹൈമവതി വിലാസം യു.പി സ്കൂളിലുമാണ് സാമൂഹ്യ വിരുദ്ധർ നാശംവരുത്തിയത്. സ്കൂളിലെ കുടിവെള്ള പൈപ്പുകൾ അടിച്ച തകർക്കുകയും ബസ് കുത്തിത്തുറന്ന് അഗ്നിശമന ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ എച്ച്.വി.യു.പി.എസിയിലെ അധ്യാപകർ സ്കൂളിലെത്തുമ്പോൾ ക്ലാസ് മുറികളുടെയും ലാബിന്റെയും പൂട്ട് തല്ലിപ്പൊളിച്ച നിലയിലായിരുന്നു. ക്ലാസ് ലൈബ്രറികളിലെ പുസ്തകങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലിയിലായിരുന്നു.
തകർത്ത പൈപ്പ് ലൈൻ
ബോർഡുകളിലും ഡെസ്കുകളിലും അസഭ്യം എഴുതിവെയ്ക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ സയൻസ് ലാബിലെ കെമിക്കൽ വസ്തുക്കളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. ശുചിമുറി ബ്ലോക്കിലെ ഉൾപ്പെടെ എല്ലാ പൈപ്പ് ലൈനുകളുടെ ടാപ്പുകളും തകർത്ത നിലയിലാണെന്ന് കാണിച്ച് ഹെഡ്മിസ്ട്രസ് രാജശ്രീ പൊലീസിൽ പരാതി നൽകി.
കുരയ്ക്കണ്ണി ഗവ.എൽ.പി.ജി.എസിൽ ഞായറാഴ്ച രാവിലെ അധ്യാപകരെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. 2023 നവംബറിലും സ്കൂൾ വാഹനത്തിന് കേടുപാടുകൾ വരുത്തിയത് ഉൾപ്പെടെ സമാനമായ സംഭവം നടന്നിരുന്നതായി ഹെഡ്മിസ്ട്രസ് സീന പറഞ്ഞു. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അതിക്രമം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്കൂളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
വർക്കല: കുരയ്ക്കണ്ണി എൽ.പി.ജി.എസിലും ഹൈമവതി വിലാസം യു.പി.എസിലും അതിക്രമം നടത്തിയ സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് കെ.എസ്.ടി.എ വർക്കല ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സാമൂഹ്യ ദ്രോഹ നടപടികൾ സ്കൂളുകളുടെ അക്കാദമിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.