തിരുവനന്തപുരത്ത് യു.ഡി.എഫ് വിജയം ആഘോഷിക്കുന്ന പ്രവർത്തകർ ( ഫോട്ടോ -മുസ്തഫ അബൂബക്കർ )
തിരുവനന്തപുരം: അവസാനഘട്ടം വരെയും ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തിയ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ അവർക്ക് ഭൂരിപക്ഷം നേടാനായത് മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ. കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലാണ് ബി.ജെ.പി ലീഡ് നേടിയത്. തിരുവനന്തപുരം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങൾ യു.ഡി.എഫും നേടി. എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തെത്തിയ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയും.
കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളെ എൽ.ഡി.എഫും കോവളം യു.ഡി.എഫുമാണ് നിലവിൽ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിലടക്കമുള്ള വലിയ തിരിച്ചടി എൽ.ഡി.എഫ് നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമം ഒഴികെ മണ്ഡലങ്ങളിൽ യു.ഡി.എഫ് ലീഡ് നേടിയിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോവളം ഒഴികെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് ആധിപത്യം സ്ഥാപിച്ചു. അതാണ് ഇപ്പോൾ നഷ്ടമായത്.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ വ്യക്തമായ ലീഡിന് വഴിയൊരുക്കിയത്. തിരുവനന്തപുരം, കോവളം, പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലേക്ക് കടന്നതോടെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ മുന്നിലേക്കെത്തി.
തീരദേശമേഖലയിലടക്കം ലഭിച്ച വോട്ടുകൾ തരൂരിന് ഗുണകരമായി. തരൂരിന് ഏഴ് മണ്ഡലങ്ങളിൽ നിന്നായി 37.19 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രാജീവ് ചന്ദ്രശേഖറിന് 35.52 ശതമാനവും പന്ന്യൻ രവീന്ദ്രന് 25.72 ശതമാനവും വോട്ട് കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.