സൂനാമി മോക്ഡ്രിൽ; ഇന്ന് തയാറെടുപ്പുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: ജില്ല ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സൂനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിക്കും. ശനിയാഴ്ച പഞ്ചായത്തിലെ കിളിത്തട്ട് , പുതിയതുറ വാർഡുകളിലാണ് മോക്ഡ്രിൽ. ദുരന്തങ്ങൾക്ക് മുൻകരുതൽ സ്വീകരിക്കുക, സൂനാമി പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക, സൂനാമി മുന്നറിയിപ്പ് ലഭിച്ചാൽ എത്രയുംവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങളെ പര്യാപ്തരാക്കുക, അടിയന്തരരക്ഷ പ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളെ പ്രാപ്തമാക്കുക എന്നിവയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം.
ശനിയാഴ്ച രാവിലെ 8.30ഓടെ ആരംഭിക്കും. പുതിയതുറ വാർഡിലെ സെന്റ് നിക്കോളാസ് ബീച്ച് സ്റ്റേജ് ആണ് അസംബ്ലി പോയന്റ്. കിളിത്തട്ട് വാർഡിലെ സെന്റ് നിക്കോളാസ് എൽ.പി സ്കൂളാണ് ഷെൽട്ടർ പോയന്റായി തെരഞ്ഞെടുത്തത്. നാല് അസംബ്ലി പോയന്റുകളും ഏഴു ഷെൽട്ടറുകളുമാണ് സൂനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി പഞ്ചായത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ജില്ല അടിയന്തരഘട്ടകാര്യ നിർവഹണ കേന്ദ്രത്തിൽ (ഡിസ്ട്രിക്റ്റ് എമർജൻസി ഓപറേഷൻ സെന്റർ) നിന്ന് ആദ്യ അലർട്ട് ലഭിക്കുന്നതുമുതൽ കൃത്യമായ മുന്നറിയിപ്പ് താലൂക്ക് അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രം (താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ) മുഖേന ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും കൈമാറും. മൂന്നാം അലർട്ടിൽ അപകട സന്ദേശം ലഭിക്കുന്നതോടെ പ്രദേശവാസികളെ അടിയന്തരമായി മാറ്റി പാർപ്പിക്കുന്നതിനുള്ള നിർദേശം നൽകും.
തുടർന്ന് രക്ഷാപ്രവർത്തനവും ഒഴിപ്പിക്കലും ആരംഭിക്കും. കൃത്യമായ ഗതാഗത നിയന്ത്രണവും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള തയാറെടുപ്പുകളും മോക്ഡ്രില്ലിന്റെ ഭാഗമായി നടക്കും. ഒഴിപ്പിക്കുന്നവരെ അസംബ്ലി പോയന്റിലേക്കും തുടർന്ന് സെന്റ് നിക്കോളാസ് എൽ.പി സ്കൂളിലൊരുക്കിയ ഷെൽട്ടറിലേക്കും മാറ്റും. ദുരന്ത സാഹചര്യത്തെ നേരിട്ട രീതികൾ വിശദീകരിച്ചുള്ള ഡി ബ്രീഫിങ്ങോടെ മോക്ഡ്രിൽ അവസാനിക്കും.
സൂനാമി റെഡി പ്രോഗ്രാം
സൂനാമി റെഡി പദ്ധതിയുമായി ബന്ധപ്പെട്ട് യുനെസ്കോയുടെ സൂനാമി റെഡി സർട്ടിഫിക്കേഷൻ കേരളത്തിന് നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. യുനെസ്കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർനാഷനൽ ഓഷ്യനോഗ്രാഫി കമീഷൻ, ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ല ദുരന്തനിവാരണ അതോറിറ്റി, കരുംകുളം ഗ്രാമപഞ്ചായത്ത്, വിവിധ വകുപ്പുകളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് സുനാമി റെഡി പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.