ഇടവയിൽ അനധികൃത റിസോർട്ട് നിർമാണം; സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത്
വർക്കല: ഇടവ കായലിനും കടലിനും മധ്യേ പരിസ്ഥിതിയെ തകിടം മറിക്കുന്ന അനധികൃത റിസോർട്ടും കുഴൽ കിണറുകളുടെ നിർമാണവും കണ്ടെത്തി. ഇടവ പഞ്ചായത്തിന്റെ കടൽ - കായൽ തീരമേഖലയിലാണ്, തീരദേശ പരിപാലന നിയമങ്ങളെ വെല്ലുവിളിച്ച് അനധികൃത നിർമാണം നടക്കുന്നത്. സർക്കാരുകൾ കോടികൾ മുടക്കിയ കാറ്റാടി ഹരിത വനമേഖലയിലും സംരക്ഷിത കണ്ടൽ മേഖലയിലും അതീവ രഹസ്യമായി നടക്കുന്ന റിസോർട്ട്- കുഴൽ കിണറുകളുടെ നിർമാണങ്ങൾ പഞ്ചായത്ത് അധികൃതരാണ് കണ്ടെത്തിയത്. ഇടവയിലെ പെത്തിരി മൂക്കിനും പതിനെട്ടാം പഠിക്കും എതിർ വശത്തുള്ള കായലിനും കടലിനും ഇടയിലാണ് നിർമാണം നടക്കുന്നത്. ഇടവയിലെ വെറ്റക്കടയുടെയും കാപ്പിൽ തീര പ്രദേശത്തിന്റെയും ഭൂപ്രകൃതിക്കും നിർമാണങ്ങൾ ഭീഷണിയാണ്. കായലിനും കടലിനും ഇടയിൽ ഏകദേശം 800 മീറ്ററോളം മാത്രമാണ് തീര പ്രദേശം. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ കണ്ടൽക്കാടുകളാലും കാറ്റാടി മരങ്ങളാലും നിറഞ്ഞതാണ്.
വളരെ മനോഹരവും ശാന്തവുമായ പ്രദേശത്ത് അപൂർവ്വമായി മാത്രമേ സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ എത്തി. തദ്ദേശവാസികൾ തന്നെ വളരെ വിരളമായാണ് ഇവിടെ എത്താറുള്ളത്. വെറ്റക്കടയ്ക്കും കാപ്പിലിനും ഇടയിലുള്ള തീര പ്രദേശമാണിത്. ആളുകളുടെ ശ്രദ്ധ വളരെ വേഗം എത്തിച്ചേരാത്ത ഒറ്റപ്പെട്ട പ്രദേശത്താണ് റിസോർട്ട് നിർമിക്കുന്നത്.
റിസോർട്ടിന് അനുബന്ധമായി മൂന്ന് കുഴൽ കിണറുകൾ നിർമിച്ചു കഴിഞ്ഞു. ഗതാഗത സൗകര്യം കുറഞ്ഞ പ്രദേശത്ത് റിസോർട്ട് - കുഴൽക്കിണർ നിർമാണ യന്ത്രസാമഗ്രികൾ എത്തിച്ചത് ദുരൂഹമാണ്. സാധാരണ കടൽ തീരത്തുകൂടി കുറ്റിക്കാടുകൾക്കിടയിലൂടെ നടന്നു വേണം ഇവിടെ എത്തിച്ചേരാൻ. പെത്തിരി ജങ്ഷനിൽ നിന്നോ, പതിനെട്ടാം പടി ജങ്ഷനിൽ നിന്നോ കായലിലൂടെ വള്ളത്തിൽ സഞ്ചരിച്ചാൽ മാത്രമേ ഇവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.
വേലിയേറ്റ കടൽക്ഷോഭ പ്രദേശത്തെ കണ്ടൽക്കാടുകളും കാറ്റാടി മരങ്ങളും വ്യാപകമായി വെട്ടി നശിപ്പിക്കുന്നുമുണ്ട്.
രഹസ്യമായി നടക്കുന്ന റിസോർട്ട് - കുഴൽ കിണർ നിർമാണം സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടവ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയത്. വള്ളത്തിൽ സഞ്ചരിച്ചാണ് ഉദ്യോഗസ്ഥർ ഇവിടെ എത്തിച്ചേർന്നത്. ദിവസങ്ങൾക്കു മുമ്പ് കുഴിച്ച മൂന്ന് കുഴൽ കിണറുകളും പ്രവർത്തിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ നിർത്തിെവയ്ക്കാൻ (സ്റ്റോപ്പ് മെമ്മോ) പഞ്ചായത്ത് സെക്രട്ടറി വസ്തു ഉടമയ്ക്ക് നോട്ടീസ് നൽകി. ഇടവ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ എൻ.സിയുടെ നിർദേ പ്രകാരം അസി. സെക്രട്ടറി ജയശ്രീ എം.എം, മറ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് സ്ഥല പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.