പെട്രോൾ പമ്പിലെ ഇന്ധനം, സമീപ കിണറ്റിൽ തീപിടിത്തം; മൂന്ന് പേർക്ക് പൊള്ളലേറ്റു
കല്ലമ്പലം: പെട്രോൾ പമ്പിലെ ഇന്ധനം ചോർന്ന് സമീപത്തെ കിണറ്റിലെത്തി തീപിടിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു. രണ്ട് പേരുടെ നില ഗുരുതരം. കല്ലമ്പലം സ്വദേശികളായ വിനീത്, രാകേഷ്, സുനു എന്നിവർക്കാണ് പൊള്ളലേറ്റത്. കല്ലമ്പലം ജങ്ഷനിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് സംഭവം. സമീപ ദിവസങ്ങളിൽ പമ്പിന് സമീപത്തെ കിണറ്റിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് പെട്രോൾ പമ്പിലെ ടാങ്കിൽ ചോർച്ച ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് പമ്പ് ഉടമ, കിണർ വൃത്തിയാക്കാൻ ജീവനക്കാരെ വരുത്തി. ഇവർ കിണറ്റിലെ വെള്ളം പൂർണമായും കോരി മാറ്റി. തുടർന്ന് കിണറിൽ ഇറങ്ങുന്നതിനു മുന്നോടിയായി ഓക്സിജന്റെ അളവ് പരിശോധിക്കാൻ തീപ്പെട്ടി ഉരച്ചു നോക്കിയപ്പോഴാണ് അപകടം സംഭവിച്ചത്. തീ പെട്ടന്ന് സ്ഫോടനം പോലെ ആളിപടരുകയായിരുന്നു.
പൊള്ളലേറ്റ തൊഴിലാളികളായ വിനീത്, രാകേഷ്, സുനു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരുടെയും മുഖത്തും വയറിലും കൈകളിലും സാരമായി പൊള്ളലേറ്റു. പരിക്കേറ്റ വിനീത്, രാകേഷ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും സുനുവിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ധന ചോർച്ച ഉണ്ടായിട്ടും പമ്പ് പ്രവർത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.