ആർ.സി.സി ഡയറക്ടർ ഡോ. രജനീഷ് കുമാറിന് ഹോപ്പ് ചെയർമാൻ കെ.കെ. ഹാരിസ് ധാരണപത്രത്തിന്‍റെ ലോഗോ കൈമാറുന്നു

കുട്ടികളുടെ കാൻസർ ചികിത്സക്ക് കരുത്തായി ഹോപ്പ്; തിരുവനന്തപുരത്ത് പ്രവർത്തനം വിപുലീകരിക്കുന്നു

ദുബൈ: കേരളത്തിലെ കാൻസർ ബാധിതരായ കുട്ടികൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനായി ദുബൈ കേന്ദ്രമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ തിരുവനന്തപുരത്തെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്‍ററുമായി (ആർ.സി.സി) ഹോപ്പ് പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ആർ.സി.സി ഡയറക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. രജനീഷ് കുമാറും ഹോപ്പ് ചെയർമാൻ കെ.കെ. ഹാരിസും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ഗുരുപ്രസാദ്, ഹോപ്പ് ഡയറക്ടർ ഹാഷിം അബൂബക്കർ, സീനിയർ അഡ്മിൻ മാനേജർ ഹസനുൽ ബന്ന തുടങ്ങിയവർ പങ്കെടുത്തു.

ലോക ബാല്യകാല കാൻസർ ബോധവൽകരണ മാസമായ സെപ്റ്റംബറിൽ ഹോപ്പിന്‍റെ സേവനങ്ങൾ കൂടുതൽ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ആർ.സി.സിയുമായുള്ള സഹകരണം വിപുലീകരിക്കുന്നത്. ആശുപത്രിയിലെ കുട്ടികളുടെ കാൻസർ ചികിത്സാ സംവിധാനവുമായി ഹോപ്പിന്‍റെ സേവനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ധാരണപ്രകാരം ആർ.സി.സിയിലെ പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിൽ സോഷ്യൽ വർക്കർ, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ഹോപ്പ് നേരിട്ട് ലഭ്യമാക്കും. കാൻസർ ചികിത്സയിലൂടെ കടന്നുപോകുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും ചികിത്സക്കിടെ ആവശ്യമായ സാമൂഹിക, മാനസിക, ശാരീരിക പിന്തുണകൾ ഇതിലൂടെ ഉറപ്പാക്കും.

കേരളത്തിലെ കാൻസർ ബാധിതരായ കുട്ടികളുടെ കുടുംബങ്ങൾക്ക് സൗജന്യ താമസം, ഭക്ഷണം, യാത്രാസഹായം, പോഷക പിന്തുണ, കൗൺസലിങ്, സാമ്പത്തിക സഹായം തുടങ്ങിയ സേവനങ്ങളും ഹോപ്പ് നൽകിവരുന്നു. ആശുപത്രികൾക്ക് സമീപം പ്രവർത്തിക്കുന്ന ഹോപ്പ് ഹോമുകൾ ചികിത്സാ കാലയളവിൽ കുടുംബങ്ങൾക്ക് വീടുപോലെയുള്ള താമസസൗകര്യമാണ് ഒരുക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, മുക്കം, തലശ്ശേരി എന്നിവിടങ്ങളിലായി ഹോപ്പ് ഹോം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

കേരളത്തിന് പുറത്തും പ്രവർത്തനം വ്യാപിപ്പിച്ച ഹോപ്പ്, ബംഗളൂരുവിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ബാല്യകാല കാൻസർ പിന്തുണാ സേവനങ്ങൾ നൽകിവരുന്നു. 2016ൽ ആരംഭിച്ച ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ പത്താം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ആർ.സി.സിയുമായുള്ള സഹകരണം വിപുലീകരിക്കുന്നത്.

Tags:    
News Summary - Hope Child Cancer Care Foundation Expands Services at Thiruvananthapuram RCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.