തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മാലിന്യംനീക്കം ചെയ്യുന്നതിൽ പ്രതിസന്ധി ഉണ്ടെന്ന് സമ്മതിച്ച് മേയർ വി.വി. രാജേഷ്. നിലവിലെ മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ ഭരണസമിതി അധികാരമേറ്റ് ആറ് മാസംകഴിഞ്ഞിട്ടെ ഉള്ളൂ. ബി.ജെ.പി നേതൃത്വത്തിൽ കോർപറേഷൻ ഭരണംതന്നെ ആദ്യമാണ്. അതിനാൽ മാലിന്യ സംസ്കരണത്തിൽ മുമ്പുണ്ടായിരുന്ന ഭരണസമിതി ചെയ്തുവന്ന കാര്യങ്ങൾ തൽകാലം മുന്നോട്ട് കൊണ്ടുപോകും.
പുതിയ സംവിധാനം കോർപറേഷന് കീഴിൽ കൊണ്ടുവരാനുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. സർക്കാർ തലത്തിലുള്ള പ്രാഥമിക ചർച്ച നടന്നുകഴിഞ്ഞെന്നും മേയർ അറിയിച്ചു. തലസ്ഥാന നഗരത്തിലെ മാലിന്യപ്രശ്നത്തിന് പിന്നിൽ സി.പി.എം മനപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അതിന് ഒരു മുൻ മന്ത്രിയുടെ ഇടപെലുണ്ട്. ആറുമാസം കഴിഞ്ഞിട്ടും കോർപറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സി.പി.എം പ്രവർത്തകനാണ്. തടയാൻ ശ്രമിച്ച കോർപറേഷൻ ജീവനക്കാരെ ആക്രമിച്ചു.
ഭരണം നഷ്ടപെട്ടതിന്റെ വിഷമത്തിൽ നഗരത്തിലെ ജനങ്ങളെ ദ്രോഹിക്കരുതെന്നും സി.പി.എം ഇത്തരം പ്രവൃത്തികളിൽ നിന്നും പിന്മാറണമെന്നും മേയർ പറഞ്ഞു. തെരുവുനായ് വിഷയത്തിൽ കാര്യക്ഷമമായ ഇടപെടലാണ് കോർപറേഷൻ നടത്തുന്നത്. ദിവസവും ശരാശരി 20 തെരുവ് നായ്കളെ വീതം കോർപറേഷൻ പിടികൂടുന്നുണ്ട്.
എ.ബി.സിയും കൃത്യമായി നടന്നുവരുന്നു. വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ കാര്യത്തിൽ കോടതി നിർദേശ പ്രകാരം നടപടി എടുക്കും. വിഷയം ഹൈകോടതി പരിഗണനയിലാമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.