തിരുവനന്തപുരം: വെള്ളയമ്പലം ജങ്ഷനിലേതടക്കമുള്ള വെള്ളക്കെട്ട് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല വികസനസമിതി യോഗത്തില്‍ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വെള്ളയമ്പലം -ശാസ്തമംഗലം റോഡ്, കവടിയാര്‍ റോഡ്, വെള്ളയമ്പലം വഴുതക്കാട് റോഡ് എന്നിവിടങ്ങളില്‍ അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും നിര്‍ദേശം നല്കി.
പേരൂര്‍ക്കട ജങ്ഷനിലെ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് കല്ലുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച അവ്യക്തമാറ്റണമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
സിവില്‍ സ്റ്റേഷന് ജങ്ഷന് വികസനത്തിന്റെ ഭാഗമായി കുടപ്പനക്കുന്നിലെ പ്രവേശന കവാടത്തിന്റെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. സിവില്‍ സ്റ്റേഷനിലേക്കുള്ള റോഡില്‍ രാവിലെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രവേശന കവാടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.
കുണ്ടമന്‍കടവ് പമ്പ് ഹൗസിന് സമീപമുള്ള തോടിന്റെ സംരക്ഷണഭിത്തിയുടെ പണി പൂര്‍ത്തിയാക്കിയതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊന്മുടി പാതയിലെ ചുള്ളിമാനൂര്‍ - തൊളിക്കോട് റോഡിന്റെ നിര്‍മാണം കൂടുതല്‍ വേഗത്തിലാക്കാന്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ നിര്‍ദേശിച്ചു.
ബാലരാമപുരം വഴിമുക്ക് റോഡ് വികസനം വേഗത്തിലാക്കണമെന്ന് എം. വിന്‍സെന്റ് എം.എല്‍.എ ആവശ്യപ്പെട്ടു. കാപ്പില്‍, വര്‍ക്കല ഹെലിപ്പാഡ് എന്നിവിടങ്ങളില്‍ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആര്യശാല റോഡിലെ വെള്ളക്കെട്ട് മാറ്റി അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.
നഗരൂര്‍ - പുളിമാത്ത് - കാരേറ്റ് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും വലിയതുറ കടല്‍പ്പാലത്തിന്റെ പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. ജില്ലയിലെ വിവിധ സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മാണ പുരോഗതിയും വിവിധ പദ്ധതികളും യോഗം വിലയിരുത്തി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ ജി. സ്റ്റീഫന്‍, എം. വിന്‍സെന്റ്, വി.കെ. പ്രശാന്ത്, എ.ഡി.എം അനില്‍ ജോസ്.ജെ, സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ല പ്ലാനിങ് ഓഫിസര്‍ വി.എസ്. ബിജു, എം.പിമാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.