ഉത്രാട പാച്ചിൽ ... ഓണതലേന്ന് ഉത്രാട ദിനത്തിൽ തിരുവനന്തപുരം കിഴക്കേ കോട്ട
പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അനുഭവപ്പെട്ട തിരക്ക് –വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: ഉത്രാട ദിനത്തിൽ രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ നാദവും ഗായിക ശ്രേയ ജയദീപ്, കെ.കെ. നിഷാദ് എന്നിവരുടെ ഗാനങ്ങളും കോർത്തിണക്കി നിശാഗന്ധിയിൽ അവതരിപ്പിച്ച ‘മെലഡി മെഡോസ്’ ശ്രദ്ധേയമായി. വരാഹ നദിക്കരയോരം, മുഹമ്മദ് റഫി ആലപിച്ച പ്രശസ്ത ഗാനം ചൗധ് വിൻ കാ ചാന്ദ് ഹോ എന്നീ ഗാനങ്ങളുമായി കെ.കെ. നിഷാദ് സംഗീത നിശക്ക് തുടക്കമിട്ടു. തുടര്ന്ന് മാവേലി നാടു വാണീടും കാലം, ഉത്രാടപ്പൂനിലാവേ വാ, മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ രാജേഷ് ചേർത്തലയുടെ ഓടക്കുഴലിലൂടെ ഒഴുകിയെത്തി. ശ്യാമമേഘമേ നീ, മിനുങ്ങും മിന്നാമിനുങ്ങേ.. എന്നീ പാട്ടുകളിലൂടെ ഗായിക ശ്രേയ ജയദീപും കാണികളെ ആവേശത്തിലാക്കി.
മാവേലി കഥ പറഞ്ഞ് തോൽപ്പാവക്കൂത്ത്
തിരുവനന്തപുരം: ഓണം വാരാഘോഷത്തിൽ പരമ്പരാഗത അനുഷ്ഠാന, നാടൻ കലാരൂപങ്ങളാൽ സമ്പന്നമായി വിവിധ വേദികൾ. നിശാഗന്ധി വേദിയിൽ പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിച്ച ‘മഹാബലി ചരിതം’ തോൽപാവക്കൂത്ത് കാണികളിൽ ഓണത്തിന്റെ ഐതിഹ്യസ്മരണകൾ ഉണർത്തി. മകൻ രാജീവ് പുലവർ, ഭാര്യ അശ്വതി, മക്കളായ ഇഷാൻ കൃഷ്ണൻ, ഇവാൻ കൃഷ്ണൻ എന്നിവരും അണിയറയിൽ പങ്കാളികളായി.
തമിഴ്ഭാഷയിലെ വിഘ്നേശ്വര സ്തുതിയോടെ ആരംഭിച്ച അവതരണത്തിൽ മഹാബലിയുടെ ഭരണകാലം മുതൽ വാമനാവതാരവും പാതാളയാത്രയും വരെ കഥാസന്ദർഭങ്ങൾ 80ഓളം പാവരൂപങ്ങളിലൂടെ മനോഹരമായി ആവിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.