തിരുവനന്തപുരം: യുവാവിന്‍റെ കസ്റ്റഡി മരണത്തെ തുടർന്ന് വിവാദത്തിലായ തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്ക് മാഫിയാസംഘങ്ങളുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ. പല ഉദ്യോഗസ്ഥർക്കും വീതം െവക്കുന്നതിനായി ഈ സ്റ്റേഷനിൽ മണ്ണ് മാഫിയ പടിയായി എത്തിക്കുന്നത് ലക്ഷങ്ങളാണെന്നും ഏറ്റവുമധികം പണം പിരിക്കുന്നതും ഇതേ സ്റ്റേഷനിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
യുവാവ് മരിച്ച കേസിൽ രണ്ട് എസ്.ഐമാർ, ഒരു ഗ്രേഡ് എസ്.ഐ എന്നിവർ സസ്പെൻഷനിലാണ്. സി.ഐക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. ഈ സ്റ്റേഷനെക്കുറിച്ച് നേരത്തേ പല ആക്ഷേപങ്ങളും ഉയർന്നെങ്കിലും മേലുദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന ആരോപണവും ശക്തമാണ്. ഇപ്പോൾ ശുദ്ധികലശം ആരംഭിച്ചിരിക്കുകയാണ്. ഒരു ദിവസം ശരാശരി 40ലേറെ ടിപ്പറുകളാണ് സ്റ്റേഷൻ പരിധിയിൽ കുന്നിടിച്ച് നിലം നികത്തുന്നതെന്നാണ് കണക്കാക്കുന്നത്. ഒരു ലോറി ദിവസം കുറഞ്ഞത് പതിനായിരം രൂപയാണ് പടി നൽകേണ്ടത്.
പുലർച്ച നാല് മുതൽ എട്ട് വരെ എത്ര ലോഡ് മണ്ണ് വേണമെങ്കിലും കൊണ്ടുപോകാം. ചില ദിവസം ലോഡ് കുറഞ്ഞാൽ അടുത്ത ദിവസം കൂടുതൽ പണം നൽകേണ്ട. ഇത് പിരിക്കാൻ, മണ്ണിടിക്കുന്നതിന് കരാർ എടുത്ത മൂന്നുപേർ ഇടനിലക്കാരായി രംഗത്തുണ്ടെന്നും വിവരമുണ്ട്. സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കുള്ള പടി വൈകീട്ട് എത്തിയില്ലെങ്കിൽ അടുത്തദിവസം ആ ടിപ്പർ സ്റ്റേഷനിൽ പിടിച്ചിടും.
അടുത്തിടെ ജിയോളജി പാസും ബിൽഡിങ് പെർമിറ്റുമുള്ള സ്ഥലത്തേക്ക് രണ്ട് ടിപ്പറുകളിൽ മണ്ണ് അടിച്ചു. എന്നാൽ വണ്ടി പിടിക്കാൻ മേലുദ്യോഗസ്ഥൻ പറഞ്ഞതിനെ തുടർന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പോയി പരിശോധിക്കുകയും നിയമപ്രകാരമാണ് മണ്ണിട്ടതെന്ന് കണ്ടെത്തുകയും ചെയ്തു. മേലുേദ്യാഗസ്ഥനോട് അക്കാര്യം അറിയിച്ചപ്പോൾ ക്ഷുഭിതനായി. ഉടൻ രണ്ട് ടിപ്പറുകളും സ്റ്റേഷനിലെത്തിക്കാൻ ഉത്തരവിട്ടു. ഇടനിലക്കാർ ബന്ധപ്പെട്ടപ്പോൾ വണ്ടി വിട്ടുതരാനായി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടെന്നും ആക്ഷേപമുണ്ട്.
വിലപേശലിനൊടുവിൽ 40,000 രൂപ വാങ്ങി വണ്ടികൾ വിട്ടു. കേസില്ല, ജിഡി എൻട്രി ഇല്ല, പാറാവ് ബുക്കിലില്ല, പിഴയില്ല. വണ്ടികൾ പിടിച്ചെന്ന് സ്റ്റേഷൻ രേഖകളിലുമില്ല. എങ്കിലും സ്റ്റേഷന്റെ മുന്നിലെ കാമറയിലും സമീപത്തെ ചിത്രാഞ്ജലി സ്റ്റുഡിയോക്ക് മുന്നിലെ കാമറയിലും ടിപ്പറുകൾ രാവിലെ സ്റ്റേഷനിൽ കയറുന്നതും വൈകീട്ട് ഇറങ്ങുന്നതും തെളിഞ്ഞിട്ടുണ്ട്.
മറ്റൊരു ടിപ്പർ സമീപദിവസം പിടിച്ചിട്ട് രാത്രിവിട്ടു. ഇതിനും െചലവായത് പതിനായിരങ്ങൾ. പാസും പെർമിറ്റുമില്ലാത്ത വണ്ടികൾക്ക് ഉയർന്ന റേറ്റാണ്. ചിലർ രാത്രിയിൽ പാടത്തിനുസമീപം മണ്ണിറക്കും. രാവിലെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് നിരത്തും. പടി കൊടുക്കുന്ന വണ്ടിയാണെങ്കിൽ സ്റ്റേഷനിൽ പരാതിപ്പെട്ടാലും ഒരു നടപടിയും ഉണ്ടാകില്ല.
അമ്പലത്തറക്ക് സമീപമുള്ള ഐസ്ക്രീം പാർലറിലാണ് ഇടനിലക്കാർ എത്തുന്നത്. അവിടെയാണ് ടിപ്പർ ഡ്രൈവർമാർ പടി കൈമാറേണ്ടത്. അത് എങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ൈകയിലെത്തുന്നുവെന്ന് ആർക്കും അറിയില്ല. ഇതെല്ലാം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അറിവുള്ളതാണെങ്കിലും റിപ്പോർട്ട് ചെയ്യാറില്ല. ഇന്‍റലിജൻസ് വിഭാഗത്തിലെ ഉന്നതർ പകരക്കാരെ വിട്ടാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
തിരുവല്ലം സ്റ്റേഷനിലെ ചുരുക്കം ചില ഉദ്യോഗസ്ഥരാണ് ഇത്തരം ക്രമക്കേട് നടത്തുന്നതെന്നും ഉദ്യോഗസ്ഥരുടെ അപ്രിയത്തിന് പാത്രമാകേണ്ടെന്ന് കരുതി മറ്റ് ഉദ്യോഗസ്ഥർ കണ്ണടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മണ്ണ് മാഫിയയുമായുള്ള ബന്ധം അന്വേഷിച്ചാൽ ഇത്തരത്തിലുള്ള നിരവധി ഉേദ്യാഗസ്ഥർ തലസ്ഥാന ജില്ലയിലെ പല സ്റ്റേഷനുകളിലും കുടുങ്ങുമെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.