പ്രതീകാത്മക ചിത്രം

ജലാശയങ്ങളിലെ തനത് മത്സ്യസമ്പത്ത് ഇല്ലാതാകുന്നു

അമ്പലത്തറ: ജലാശയങ്ങളിലെ തനത് മത്സ്യസമ്പത്തുകള്‍ നാശത്തിന്‍റെ വക്കിലേക്കെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ തോടുകളിലും ആറുകളിലും കായലുകളിലും പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന മത്സ്യസമ്പത്താണ് നാള്‍ക്കുനാള്‍ അപ്രത്യക്ഷമാകുന്നത്.

തിരുവനന്തപുരത്ത് വേളി, വെള്ളായണി കായലുകളില്‍ കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വിഭാഗവും രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് 13ഓളം ഇനം തനത് മത്സ്യങ്ങള്‍ അന്യമാകുന്നതായുള്ള കണ്ടെത്തല്‍.

കുറെ കാലം മുമ്പുവരെ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന കറുവാ, കൈലി, ഒറ്റച്ചുണ്ടന്‍, കോരാളന്‍, പ്രച്ചി, ചെമ്പല്ലി, മാലാവ്, ചാങ്കണ്ണി, പൂമീന്‍, ആറ്റുവാള, കണ്ണന്‍ പൗള, ചാവറ്റ, വരിച്ചല്‍, ഉടതല എന്നീ മത്സ്യങ്ങളാണ് ഇല്ലാതാകുന്നത്. ഇതിനുപുറമെ ജലാശയങ്ങള്‍ ആവാസവ്യസ്ഥയാക്കിയിട്ടുള്ള പല തനത് മത്സ്യങ്ങളും നാശത്തിന്‍റെ വക്കിലാണ്. ഭീഷണിയായി സക്കര്‍ഫിഷുകളും ആഫ്രിക്കന്‍ മുഷിയും ജലാശയങ്ങളില്‍ പെറ്റുപെരുകുന്നതും രാസമാലിന്യങ്ങള്‍ വ്യാപകമായി ഒഴുകിയെത്തുന്നതും മൂലം തനത് മത്സ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെവരുന്നു. ഇതോടെ, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ വരുമാനം നിലക്കുമോയെന്ന ഭീതിയിലാണ്.

അക്വേറിയങ്ങളില്‍ വളരുന്ന പായലുകളെ തിന്നുതീര്‍ക്കാനാണ് സക്കര്‍മത്സ്യങ്ങളെ വളര്‍ത്തുന്നത്. ഇവ വളരുന്നതോടെ പലരും ഇതിനെ സമീപത്തെ ജലാശയങ്ങളില്‍ ഉപേക്ഷിക്കുകയാണ് പതിവ്. അതിവേഗത്തില്‍ പെറ്റുപെരുകുന്ന ഇവ തനത് മത്സ്യങ്ങളുടെ മുട്ടകള്‍ കൂട്ടത്തോടെ തിന്ന് നശിപ്പിക്കുന്നു.

കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പലതവണ ആവശ്യപ്പെട്ടുവെങ്കിലും നടപടികള്‍ ഒന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ആഫ്രിക്കന്‍ മുഷിയെ വ്യവസായികാവശ്യത്തിന് വളര്‍ത്തുന്നവര്‍ ജലാശയങ്ങളില്‍ ഇവ എത്തിപ്പെടാതിരിക്കാന്‍ അവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിയമം. എന്നാല്‍, ഇത് പാലിക്കുന്നില്ല. തവള, നീര്‍ക്കോലി ഉൾപ്പെടെയുള്ളവയെ ആഫ്രിക്കന്‍ മുഷി കൂട്ടത്തോടെ തിന്നൊടുക്കുന്നു. കൊതുകിന്‍റെ കൂത്താടികളെ ഭക്ഷണമാക്കി അവയുടെ വളര്‍ച്ചയെ തടയുന്നത് ചെറുമത്സ്യങ്ങളും തവളകളുമാണ്. ജലാശയങ്ങളിലെ കൊതുക് വളര്‍ച്ച തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നേരത്തേ ആറുകളില്‍ ചെറുമത്സ്യങ്ങളെ നിക്ഷേപിച്ചിരുന്നു. എന്നാല്‍, ഇവയെ ആഫ്രിക്കന്‍മുഷി കൂട്ടത്തോടെ തിന്നുതീര്‍ക്കുകയാണ് ചെയ്തത്.

കൊക്ക്, വെള്ളം കുടിക്കാന്‍ എത്തുന്ന പെരുച്ചാഴി, പാമ്പ്, വിവിധയിനം പക്ഷികള്‍, കീടങ്ങള്‍ ഇവക്കൊക്കെ ആഫ്രിക്കന്‍ മുഷി ഭീഷണിയാണ്.

അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ നൂറ്റാണ്ടുകളായി സംരക്ഷിച്ചുപോന്നിരുന്ന ജലാശയ മത്സ്യസമ്പത്തുകളും ജലാശയങ്ങളുടെ പരിസ്ഥിതിയും തകരുമെന്നും പഠനറിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags:    
News Summary - The unique fish stocks in the waters are being depleted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.