തിരുവനന്തപുരം: നടുറോഡിലെ അക്രമം വിളിച്ചറിയിച്ച യുവാവിനെ മർദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പൊലീസ് ജീപ്പിന്റെ ബോണറ്റിൽ തലയിടിപ്പിച്ച്, കഴുത്തിൽ കുത്തിപ്പിടിച്ച് അടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വഞ്ചിയൂരിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിഷീനെ സിറ്റി പൊലീസ് കമീഷണർ സി. നാഗരാജു സസ്പെന്ഡ് ചെയ്തത്.
സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് കൊല്ലം കൊട്ടിയം സ്വദേശി സാനിഷിനെയാണ് വഞ്ചിയൂർ സ്റ്റേഷനിലെ പൊലീസുകാരൻ മർദിച്ചത്. തിങ്കളാഴ്ച രാത്രി പേട്ട കവറടി ജങ്ഷനിലായിരുന്നു സംഭവം. രാത്രി 10.30ഓടെ ജനറൽ ആശുപത്രിയിലെ കാന്റീനിൽ പോയി ഭക്ഷണം വാങ്ങി മടങ്ങി വരുമ്പോഴാണ് കവറടി ജംഗ്ഷനിൽ ഒരാൾ മറ്റൊരാളെ ക്രൂരമായി തല്ലുന്നത് കണ്ടത്.
ഉടൻ 100ൽ വിളിച്ച് വിവരമറിയിച്ചശേഷം വഞ്ചിയൂരിലെ വാടക വീട്ടിലേക്ക് പോയി. രാത്രി 12.15ഓടെ വഞ്ചിയൂർ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഫോണിൽ വിളിക്കുകയും സംഭവസ്ഥലത്തേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവിടെ എത്തുമ്പോൾ ജീപ്പിൽ മൂന്നു പൊലീസുകാരുണ്ടായിരുന്നു.
ഗ്രേഡ് എസ്.ഐയുമായും ഡ്രൈവറുമായും സാനിഷ് സംസാരിക്കുന്നതിനിടയിലാണ് ജീപ്പിന് പിന്നിലിരുന്ന അനീഷ് മേശമായി പെരുമാറിയത്. അസഭ്യം പറയുന്നത് സാനിഷ് ചോദ്യംചെയ്തപ്പോൾ ബോണറ്റിൽ തലപിടിച്ചിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. അടിയേറ്റ് താഴെവീണ സാനിഷിനെ ഗ്രേഡ് എ.എസ്.ഐയാണ് പിടിച്ചെഴുന്നേൽപിച്ചത്.
പിറ്റേന്ന് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ പരാതി സ്വീകരിക്കാൻ പൊലീസുകാർ തയാറായില്ല. ഇതോടെയാണ് സാനിഷ് പരാതിയുമായി കമീഷണറെ സമീപിച്ചത്. ആദ്യഘട്ടത്തിൽ സാനിഷിനെ മർദിച്ചിട്ടില്ലെന്നും ഇയാൾ മദ്യപിച്ച് കള്ളപ്പരാതി പറഞ്ഞെന്നുമായിരുന്നു വഞ്ചിയൂർ പൊലീസിന്റെ ആരോപണം. എന്നാൽ സാനിഷ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം കമീഷണർക്ക് നൽകിയതോടെയാണ് അനിഷീനെതിരെ നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.