തിരുവനന്തപുരം: പട്ടം ആദർശ് നഗറിൽ എ.എൻ.ആർ.എ 62ൽ പി.എസ്.സി മുൻ ഡെപ്യൂട്ടി സെക്രട്ടറി റോസമ്മയുടെ വീട്ടിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഘത്തെ വനം വകുപ്പ് പിടികൂടി. വീട്ടിൽ അപകടാവസ്ഥയിൽ നിന്ന മറ്റൊരു മരം മുറിക്കാനെത്തിയ സംഘമാണ് വീട്ടുകാരറിയാതെ 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തിയത്.
ചന്ദനമരം കാണാതായതിനെ തുടർന്ന് ഉടമ നൽകിയ പരാതിയെ തുടർന്നാണ് വനം വിജിലൻസ് വിഭാഗത്തിലെ ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ് അന്വേഷണം നടത്തിയത്. പ്രതികളായ പാപ്പനംകോട് സത്യൻ നഗർ നിവാസികളായ പ്രസന്നൻ എന്ന അലോഷ്യസ് തോമസ്, ഗിൽബർട്ട് എന്നിവരെ പിടികൂടുകയും മുറിച്ചുകടത്തിയ ചന്ദനമരക്കഷണങ്ങൾ കണ്ടെത്തുകയും ചെയ്തു.
ചന്ദനമരം മുറിച്ച് അടുത്ത കോമ്പൗണ്ടിലും പാപ്പനംകോട് സത്യൻ നഗറിൽ ചന്ദ്രന്റെ വീട്ടിലും സൂക്ഷിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. ഇനിയും കഷണങ്ങൾ കണ്ടെത്താനുണ്ട്. ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ സന്ദീപ്, പ്രബേഷനറി റേഞ്ച് ഓഫിസർ വിപിൻചന്ദ്രൻ, എസ്.എഫ്.ഒമാരായ ഷിബു, ഷാജഹാൻ, ബി.എഫ്.ഒ നാഗരാജ്, ഡ്രൈവർ റെജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെയും തൊണ്ടിയും പാലോട് റേഞ്ചിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.