തലസ്ഥാന നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിർമാണം; ഉദ്യോഗസ്ഥർക്ക് മന്ത്രിമാരുടെ ശകാരം, കരാറുകാരന് നോട്ടീസ് നൽകും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിർമാണം വൈകുന്നതിൽ ഉദ്യോഗസ്ഥർക്ക് മന്ത്രിമാരുടെ ശകാരം. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് നൽകും. മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്‍റണി രാജുവും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സർക്കാറിന്‍റെ പ്രതിഛായയെപോലും ബാധിക്കുന്ന രീതിയിൽ തലസ്ഥാനത്തെ വെട്ടിപ്പൊളിച്ച റോഡുകളുടെ അവസ്ഥ മാറിയെന്ന് വി. ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു. കരാറുകാരുടെ അനാസ്ഥയാണ് പൂർത്തീകരണം വൈകാൻ കാരണമെന്ന് പിന്നീട് മാധ്യമങ്ങളോടും മന്ത്രി വ്യക്തമാക്കി.

സ്മാർട്ടാക്കാൻ ശ്രമിച്ച് കുണ്ടും കുഴിയും കുളവുമായി മാറിയ അവസ്ഥയിലാണ് തലസ്ഥാന നഗരിയിലെ 'സ്മാർട്ട് റോഡുകൾ'. പണി ഇഴയുന്ന സാഹചര്യമാണുള്ളതും. ഇക്കാര്യം 'മാധ്യമം' ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മഴ കൂടി എത്തിയതോടെ പ്രശ്നം രൂക്ഷമായി. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥതല യോഗം വിളിച്ചത്. മേയറും കലക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് പദ്ധതി വൈകുന്നതിലുള്ള അസംതൃപ്തി മന്ത്രി പ്രകടിപ്പിച്ചത്. പ്രധാന റോഡുകളുടെ പണി ഇഴയുന്നത് കാരണം സർക്കാർ പഴികേട്ടുതുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ എത്താത്തതിലും അപകടന സൂചന ബോർഡ് സ്ഥാപിക്കാത്തതിലും പണി നടക്കുന്ന ഇടങ്ങൾ ജനങ്ങളെ അറിയിക്കാൻ പരസ്യം ചെയ്യാത്തതിലും യോഗത്തിൽ വിമർശനമുണ്ടായി.

മഴക്കാലത്തിന് മുമ്പ് കുഴിച്ചിട്ട റോഡുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി മൂടാനാണ് പുതിയ തീരുമാനം. ജൂണ്‍ പകുതിയോടെ മുഴുവൻ റോഡുകളും പൂർണമായി സഞ്ചാരയോഗ്യമാക്കും. ഇതിനായുള്ള ദൈനംദിന മേൽനോട്ടത്തിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. 40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ 17 റോഡുകളുടെ പ്രവൃത്തികളാണ് നടക്കുന്നത്. റോഡുകൾ കുഴിച്ചിട്ടിരിക്കുന്നതിനാൽ തലസ്ഥാന നഗരിയിൽ അപകടങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്.

Tags:    
News Summary - Trivandrum city Smart road construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.