തിരുവനന്തപുരം: എസ്.ഐ.ആർ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം വർധിച്ചു. എസ്.ഐ.ആർ കരട് പട്ടികയിലെ കണക്ക് പ്രകാരം 64,394 പേരാണ് പട്ടികയിലുണ്ടായിരുന്നത്. ഇത് അന്തിമ പട്ടികയിൽ 2,23,558 ആയാണ് വർധിച്ചത്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം 2,22,417 പുതിയ അപേക്ഷകളാണ് (ഫോം 6 എ) സമർപ്പിക്കപ്പെട്ടത്.
ഇതിൽ 1,59,111 അപേക്ഷകൾ സ്വീകരിച്ചു. 62,733 എണ്ണം നിരസിക്കപ്പെട്ടു. അപേക്ഷക്കൊപ്പം പാസ്പോർട്ടിന്റെ കോപ്പിയില്ലാത്തതും വിലാസം തെറ്റായി രേഖപ്പെടുത്തിയതുമായ അപേക്ഷകളാണ് നിരസിച്ചതെന്നാണ് കമീഷന്റെ വിശദീകരണം. എസ്.ഐ.ആർ പട്ടികയിലേക്കുള്ള അപേക്ഷ നടപടികൾ അവസാനിപ്പിച്ച ശേഷം 7,421 അപേക്ഷകൾ കൂടി കമീഷന് ലഭിച്ചിട്ടുണ്ട്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് ഇവ പരിഗണിക്കുക. അതേസമയം, പ്രവസികളുടെ മൊത്തം എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ എസ്.ഐ.ആറിൽ ഉൾപ്പെട്ടവരുടെ എണ്ണം കുറവാണെന്ന വിമർശനവുമുണ്ട്. 25 ലക്ഷത്തോളം പ്രവാസികളിൽ 2.23 ലക്ഷം പേർ മാത്രമാണ് എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെട്ടത്.
തദ്ദേശ പട്ടികയുമായി 14.77 ലക്ഷത്തിന്റെ കുറവ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്ര കമീഷൻ തയാറാക്കിയ എസ്.ഐ.ആർ പട്ടികയിൽ 14.77 ലക്ഷം പേരുടെ കുറവ്. കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ തയാറാക്കിയ പട്ടികയിൽ 2,84,30,761 വോട്ടർമരാണുണ്ടായിരുന്നത്. എന്നാൽ എസ്.ഐ.ആർ പട്ടികയിലാകട്ടെ ഉൾപ്പെട്ടത് 2,69,53,644 പേരും.
രണ്ടു പട്ടികയും തമ്മിൽ ബന്ധമില്ലെങ്കിൽപ്പോലും രണ്ടുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അർഹരായ 14 ലക്ഷത്തോളം പേർ എവിടെയാണെന്നതാണ് ചോദ്യം. തദ്ദേശ പട്ടിക പരിഗണിച്ചാൽ ഓരോ മണ്ഡലത്തിലും ശരാശരി 10,000 ലധികം വോട്ടർമാരുടെ കുറവാണുണ്ടാവുക. അതേസമയം, രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക പ്രതിനിധികളുടെ സഹായത്തോടെ ഫീൽഡ് തല പരിശോധന പൂർത്തിയാക്കി ശുദ്ധീകരിച്ച പട്ടികയാണ് എസ്.ഐ.ആറെന്നും തദ്ദേശ പട്ടികയിൽ ഇത്തരം പരിശോധനകളൊന്നും നടന്നിട്ടില്ലെന്നുമാണ് മറുവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.