തിരുവനന്തപുരം: പകുതി വിലക്ക് സ്കൂട്ടറും ലാപ്ടോപ്പും തയ്യൽ മെഷീനുമടക്കം സാധനങ്ങൾ വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിൽ തലസ്ഥാനത്തും നിരവധിപേർ കബളിപ്പിക്കപ്പെട്ടു. തലസ്ഥാനത്ത് 11 സൊസൈറ്റികള്‍ രൂപവത്കരിച്ച് കോഓഡിനേറ്റര്‍മാരെ ഉപയോഗിച്ച് ആറുകോടിയോളം രൂപയുടെ തട്ടിയെന്നാണ് പൊലീസ് കണക്കാക്കുന്നത്. പോത്തന്‍കോട്, ആര്യനാട്, വെള്ളറട, നെടുമങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലാണ് നിരവധിപേര്‍ക്ക് പണം നഷ്ടമായത്. വഞ്ചിയൂര്‍ കേന്ദ്രീകരിച്ചാണ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം പ്രവര്‍ത്തിച്ചിരുന്നത്.
ഏജന്റുമാരെയും സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ നേതാക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവരിൽ കൂടുതലും സ്ത്രീകളാണ്. ഗ്രാമപഞ്ചായത്തുകൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, ട്രസ്റ്റുകൾ തുടങ്ങിയ കൂട്ടായ്മകളുടെ മറവിലാണ് തട്ടിപ്പ്. പലയിടത്തും സ്ത്രീകള്‍ക്ക് ആദ്യഘട്ടത്തില്‍ പകുതി വിലക്ക് സ്കൂട്ടറും മറ്റും ലഭിച്ചതോടെ പദ്ധതിക്ക് വിശ്വാസ്യത ലഭിച്ചു. ഇതുസംബന്ധിച്ച് പോത്തന്‍കോട് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കരമനയിലെ ദീപ്തി ചാരിറ്റബിള്‍ ട്രസ്റ്റ് സ്ത്രീകള്‍ക്ക് പകുതി വിലക്ക് സ്കൂട്ടറും തയ്യല്‍ മെഷീനും നല്‍കുമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയെന്നാണ് പരാതി.
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഏജന്റ് ദേവീദാസന് പോത്തന്‍കോട് പഞ്ചായത്ത് പ്ലാമൂട് വാര്‍ഡ് പ്രതിനിധി എല്‍. അനിതകുമാരിയെയാണ് ആദ്യം സമീപിച്ചത്. കുടുംബശ്രീയില്‍ അടക്കം പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പകുതി വിലക്ക് സാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു ആളുകളെ ചേർത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ 12 സ്തീകള്‍ക്ക് 62,000 രൂപ വീതം നഷ്ടമായി. 1.22 ലക്ഷം രൂപയുടെ സ്കൂട്ടറിന്റെ പകുതി വിലയായ 62,000 രൂപ ആദ്യം അടച്ചാൽ ബാക്കി തുക കമ്പനികളുടെ സി.എസ്.ആര് ഫണ്ടില്‍നിന്ന് ലഭിക്കുമെന്നും ഒരു മാസത്തിനുള്ളില്‍ സ്കൂട്ടര്‍ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. പണമടച്ച് സ്ത്രീകൾക്ക് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രസീത് നല്കി. ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്കൂട്ടര്‍ നൽകാതെ ഏജന്റ് മുങ്ങിയതോടെയാണ് സ്ത്രീകൾ പരാതിയുമായെത്തിയത്.
ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്. അനില്‍കുമാർ, പ്ലാമൂട് വാര്‍ഡ് പ്രതിനിധി എല്‍. അനിതകുമാരി എന്നിവരാണ് പോത്തന്‍കോട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2023 മാര്‍ച്ചില്‍ 56,000വും 60,000വും രൂപ വീതം നിരവധിപേരില്‍നിന്ന് വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.