കിളിമാനൂർ: നിയന്ത്രണം വിട്ട് സ്കൂൾ ബസ് മൂന്നുകരണം മറിഞ്ഞ് കുഴിയിലേക്ക് വീണുവെങ്കിലും വിദ്യാർഥികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. 22 വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിയായ നിലമേലിന് സമീപം വേയ്ക്കലിലായിരുന്നു തിങ്കളാഴ്ച ഉച്ചക്ക് 2.30 നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം യു.പി സ്കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ വിദ്യാർഥികളെ കടയ്ക്കൽ താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ കുട്ടികളെ വാഹനത്തിൽ തിരികെ വീട്ടിലേക്ക് എത്തിക്കാൻ പോകുംവഴിയായിരുന്നു അപകടം. റോഡരികിലെ താഴ്ചയിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ വാൻ, മൂന്ന് കരണം മറിഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു.ഏകദേശം ഇരുപതടിയോളം താഴ്ചയിലേക്ക് പതിച്ച വാൻ റബർ മരത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു.ഉഗ്രശബ്ദവും കുട്ടികളുടെ നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പൊലിസും എത്തി.
കുട്ടികളെ വിവിധ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. വിദ്യാർഥികളായ ധ്വനി,റിതിക, മുഹമ്മദ് ഇദാൻ, ശ്രീലേഖ, അൽ ഹം അദിനാൽ ,ഇവാനിയ,ലിബാൻ, ഫാത്തിമാ സെബാൻ, മിയ ,സന, അദ് വിക ,വേദിക രാജേഷ്, കൃഷ്ണമായ ,ശ്രീക്കുട്ടി, ആലിയ മെഹറിൻ , ആഷി സുകേഷ്, അനന്യ,മൗലി, അദ് വിക,നിഹാൽ, സൈന ഫാത്തിമ, റൈഹാൻ, ഐമാൻ എന്നീ വിദ്യാർഥികൾക്കും, ഡ്രൈവർ മോഹൻദാസ്, ആയ ശ്രീലേഖ എന്നിവർക്കുമാണ് പരിക്കേറ്റത്.
ഇവരിൽ റൈഹാൻ, ഐമാൻ എന്നിവർ നിലമേൽ പി.എച്ച്.സിയിലും സൈന ഫാത്തിമ, മോഹൻദാസ് എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളജിലും ബാക്കിയുള്ളവരെ കടയ്ക്കൽ താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിൽ നിന്നും സ്കൂൾ വാഹനം താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.