ഹരിത കർമസേനക്ക് മാലിന്യത്തിനൊപ്പം ലഭിച്ച പണം നഗരസഭ ചെയർമാൻ എം. പ്രദീപ്
ഉടമയെ തിരിച്ചേൽപ്പിക്കുന്നു
ആറ്റിങ്ങൽ: മാലിന്യത്തൊപ്പം ലഭിച്ച നോട്ടുകെട്ട് ഉടമയെ കണ്ടെത്തി ഹരിതകർമ സേന കൈമാറി. നഗരസഭ 27ാം വാർഡിലെ ഹരിതകർമസേന തൊഴിലാളി സന്ധ്യാദേവിക്കാണ് പാഴ് വസ്തുക്കളോടൊപ്പം നോട്ടുകെട്ട് ലഭിച്ചത്. കുഴിമുക്ക് രാജ്ഭവനിൽ ഷഹാനയുടെ വീട്ടിൽനിന്ന് നൽകിയ മാലിന്യത്തിനമ്പ്പമാണ് പണവും വന്നത്. പ്ലാസ്റ്റിക് ഉപയോഗിച്ചു പഴകിയ തുണികളും നിറച്ച ചാക്ക് സന്ധ്യാദേവി ഗൃഹനാഥയിൽനിന്ന് ശേഖരിച്ച് മിനി എം.സി.എഫിൽ എത്തി മാലിന്യം തരം തിരിഞ്ഞപ്പോഴാണ് പഴയ തുണിക്കിടയിൽ ഇരിക്കുന്ന നോട്ടുകെട്ട് ശ്രദ്ധയിൽപ്പെട്ടത്. മേലുദ്യോഗസ്ഥർ നോട്ടുകൾ എണ്ണി നോക്കി. 500 രൂപയുടെ രണ്ടും, 50 രൂപയുടെ 53 നോട്ടും ഉൾപ്പെടെ ആകെ 3650 രൂപയുണ്ടായിരുന്നു.
ഷഹാനയുടെ മാതാവ് സക്കാത്ത് നൽകാനുള്ള തുക അലമാരിക്കുള്ളിലെ തുണികൾക്കിടയിൽ സൂക്ഷിച്ചിരുന്നു. ഇത് അറിയാതെ പഴയ തുണികൾ ഇരുന്ന കവർ ഹരിത കർമസേന വന്നപ്പോൾ നൽകുകയായിരുന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വിവരമറിയിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. നഗരസഭ ചെയർപേഴ്സൻ എം. പ്രദീപിന്റെയും സെക്രട്ടറി കെ.എസ്. അരുണിന്റെയും സാനിധ്യത്തിൽ ഉടമക്ക് പണം തിരികെനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.