ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം; അഞ്ച് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: ജില്ല കലക്ടറേറ്റിലുള്ള ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ മോഷണം പോയ സംഭവത്തിൽ ഉദ്യോഗസ്ഥരായിരുന്ന അഞ്ച് പേരെക്കുറിച്ച് സംശയം ശക്തം. നിലവിൽ കേസന്വേഷണം നടത്തുന്ന പേരൂർക്കട പൊലീസാണ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന ചെസ്റ്റിന്‍റെ കസ്റ്റോഡിയനായിരുന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഈ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തൊണ്ടിമുതലുകൾ ആർ.ഡി.ഒ കോടതിയിലേക്ക് അയക്കുംമുമ്പ് ഈ കേസുകൾ രജിസ്റ്റർ ചെയ്ത സ്റ്റേഷനുകളിലെ രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയ സ്വർണം ഉൾപ്പെടെ തൊണ്ടിമുതലുകളുടെ കണക്കെടുപ്പും പൊലീസ് നടത്തുന്നു. ഇത് അന്തിമഘട്ടത്തിലാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

2020ന് ശേഷമാണ് തൊണ്ടിമുതലുകൾ മാറ്റിയതെന്നാണ് വിലയിരുത്തൽ. അതിനാൽ ഈ കാലഘട്ടത്തിന് ശേഷം ചുമതലയുണ്ടായിരുന്നവരാകാം ഈ തട്ടിപ്പിന് പിന്നിലെന്ന സംശയമാണ് ശക്തമായിട്ടുള്ളത്.

തൊണ്ടിമുതലായ 140 പവൻ നഷ്ടമായതായാണ് പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഈ കേസിന്‍റെ ഗൗരവം പരിഗണിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സർക്കാർ തീരുമാനിച്ചെങ്കിലും അതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ പേരൂർക്കട പൊലീസിന്‍റെ അന്വേഷണം വെള്ളിയാഴ്ചയും തുടർന്നു. തൊണ്ടിമുതലായി ആർ.ഡി.ഒ കോടതിയുടെ ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന സ്വർണവും വെള്ളിയും പണവുമടക്കമുള്ള തൊണ്ടിമുതലുകൾ കാണാതായതാണ് കേസിനാധാരം. സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം വെച്ചതുൾപ്പെടെ 140 പവന്‍റെ സ്വർണാഭരണങ്ങളും വെള്ളിയും അമ്പതിനായിരത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്നുവെന്നാണ്‌ ഇതുവരെ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്‌.

കുറ്റകൃത്യത്തിന്‍റെ വ്യാപ്തി വലുതാണെന്നും പിന്നിൽ വൻ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ പേരൂർക്കട എസ്.എച്ച്.ഒ കഴിഞ്ഞദിവസം സിറ്റി പൊലീസ്‌ കമീഷണർക്ക് റിപ്പോർട്ട്‌ നൽകിയിരുന്നു.

അതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Tags:    
News Summary - Robbery in RDO court; The investigation focused on five officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.