കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിക്കുന്നു
തിരുവനന്തപുരം: ‘ഓപറേഷൻ സിന്ദൂർ’ രാജ്യത്തിന്റെ അഭിമാനമുയർത്തിയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ച അദ്ദേഹം ഉദ്യോഗസ്ഥരെയും സൈനികരെയും അഭിസംബോധന ചെയ്യുകയായിരുന്നു.
തീവ്രവാദികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരും. പ്രതിരോധ രംഗത്തെ ഉൽപാദനമുൾപ്പെടെ എല്ലാ മേഖലകളിലും ‘ആത്മനിർഭർ ഭാരത്’ എന്ന ആശയം നടപ്പാക്കും. 2047ൽ ‘വികസിത ഭാരതം’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് കൈവരിക്കാൻ രാജ്യം യത്നിക്കുകയാണ്.
ദുരന്ത ഘട്ടങ്ങളിൽ സേന നൽകുന്ന സേവനങ്ങൾ രാജ്യത്തോടുള്ള സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നു. കരയിലും ജലത്തിലും പ്രതിരോധ മുറകൾക്ക് ശേഷിയുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഏക ഫോർമേഷനാണ് പാങ്ങോട് സൈനിക കേന്ദ്രം. രാജ്യാതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, ഭാവിയിലെ വെല്ലുവിളികൾക്കായി സ്വയം തയാറാവുകയും ചെയ്യുക എന്നതാണ് സേനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മദ്രാസ് റെജിമെന്റിന്റെ ആംബിബിയസ് പ്രകടനത്തിനും മന്ത്രി സാക്ഷ്യം വഹിച്ചു. ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, സ്റ്റേഷൻ കമാൻഡർ, കമാൻഡിങ് ഓഫിസർമാർ, മദ്രാസ് റെജിമെന്റിലെയും ഗർവാൾ റെജിമെന്റിലെയും സൈനികർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.