കുഞ്ഞുമായി അനന്യ ഇറങ്ങിയ ഉടൻ ലോറി കാറിൽ ഇടിക്കുന്നു
കിളിമാനൂര്‍: ട്രെയിലര്‍ ഇടിച്ച് കാര്‍ തകര്‍ന്നു, കൈക്കുഞ്ഞ് അടക്കം യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംസ്ഥാന പാതയില്‍ ഇരട്ടച്ചറിക്ക് സമീപം ഞായറാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട കാറിന് പിറകില്‍ നിയന്ത്രണം വിട്ടെത്തിയ ട്രെയിലര്‍ ലോറി ഇടിക്കുകയായിരുന്നു. കാർ യാത്രികരായ കൈക്കുഞ്ഞ് അടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുനലൂര്‍ തൊളിക്കോട്, ശെല്‍വസദനത്തില്‍ സുജിത്ത്, ഭാര്യ അനന്യ, മൂന്ന് വയസ്സുള്ള ഇവരുടെ മകന്‍, അനന്യയുടെ സഹോദരി അയന എന്നിവരാണ് കാറിലുണ്ടായിരുന്നത്. വിദേശത്ത് നിന്ന് ലീവിന് നാട്ടിലെത്തിയ സുജിത്തും കുടുംബവും തിരുവനന്തപുരത്ത് പഠിക്കുന്ന ഭാര്യയുടെ രണ്ടാമത്തെ സഹോദരി അനഖയെ വിളിക്കാനായാണ് പുനലൂരില്‍നിന്ന് കാറില്‍ യാത്രതിരിച്ചത്.
കുഞ്ഞിന് തലയിണ വാങ്ങാനായാണ് ഇരട്ടച്ചിറക്ക് സമീപം വാഹനം നിര്‍ത്തിയിട്ടത്. തിരികെ വാഹനത്തില്‍ കയറിയ സുജിത്ത് കുഞ്ഞ് ഉറങ്ങിയതിനാല്‍ പുറകിലെ സീറ്റില്‍ കിടത്താന്‍ അനന്യയോട് ആവശ്യപ്പെട്ടു. അനന്യ മുമ്പിലെ ഡോർ തുറന്ന് കുഞ്ഞുമായി പുറത്തിറങ്ങിയുടന്‍ നിയന്ത്രണം തെറ്റിയെത്തിയ ട്രെയിലര്‍ കാറിന്റെ പുറകില്‍ ഇടിക്കുകായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തെറിച്ച് തിട്ടയിലിടിച്ച് തിരികെ റോഡിലേക്ക് വന്ന് വീണു. ഇടിയുടെ ആഘാതത്തിൽ കാർ വട്ടം കറങ്ങിനിൽക്കുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞു. കാറിന്റെ മുന്‍വശവും പുറക് വശവും തകര്‍ന്നു. ട്രെയിലര്‍ ഉടമ കാര്‍ സ്വന്തം ചെലവില്‍ നന്നാക്കി നല്കാമെന്ന് കിളിമാനൂര്‍ പൊലീസില്‍ നല്കിയ ഉറപ്പിനെ തുടര്‍ന്ന് കേസ് കൊടുത്തില്ലെന്ന് സുജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.