നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതം പരിസ്ഥിതി ലോല മേഖല; ഖനനത്തിനും പാറപൊട്ടിക്കലിനും നിരോധനം വരും

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം ഇറക്കിയ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിലവിലുള്ളതും പുതിയതുമായ വാണിജ്യ ആവശ്യത്തിനുള്ള ഖനനവും (മൈനിങ്ങും) പാറ പൊട്ടിക്കലും അടക്കം ക്രഷിങ് യൂനിറ്റുകളുടെ പ്രവർത്തനത്തിനും ഉടൻ നിരോധനമാണ് നിർദേശിക്കുന്നത്. പ്രദേശവാസികളുടെ ആവശ്യത്തിന് കുഴിച്ച് മണ്ണെടുക്കാനും മേഖലക്കുള്ളിൽ വാസഗൃഹ നിർമാണവും അറ്റകുറ്റപ്പണിയും ആവാം. 2006 ആഗസ്റ്റിലെ സുപ്രീംകോടതി വിധി പ്രകാരം മാത്രമാണ് മൈനിങ് പ്രവർത്തനം നടത്താവുന്നത്.

മേഖലക്കുള്ളിൽ മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങളോ നിലവിലുള്ളവയുടെ വികസനമോ പാടില്ല. പ്രധാന ജല വൈദ്യുത പദ്ധതി, ആപൽകരമായ വസ്തുക്കളുടെ ഉൽപാദനം, ശുദ്ധ ജലത്തിലേക്ക് ശുദ്ധീകരിക്കാത്ത മലിന വസ്തുക്കൾ ഒഴുക്കി വിടാനും ഖര മാലിന്യ നിർമാർജനത്തിന് സ്ഥലം തെരഞ്ഞെടുക്കുക, കോർപറേറ്റുകളും കമ്പനികളും ആരംഭിക്കുന്ന വലിയ തോതിലുള്ള വാണിജ്യ അടിസ്ഥാനത്തിലുള്ള കന്നുകാലി, കോഴി/ താറാവ് ഫാമുകൾ, തടിയെ അടിസ്ഥാനമാക്കിയുള്ള പുതിയ വ്യവസായങ്ങൾ, സ്ഫോടക വസ്തുക്കളുടെ ശേഖരണവും നിർമാണവും, പുൽമേടുകൾ വാണിജ്യ ആവശ്യത്തിന് മാറ്റുന്നത്, തടിമില്ലുകൾ, നദീതട കൈയേറ്റം, നദികളിലും മറ്റും ഖര, പ്ലാസ്റ്റിക്, രാസ മാലിന്യങ്ങൾ തള്ളുന്നത് എന്നിവ നിരോധിക്കുന്നു.

എന്നാൽ, വാണിജ്യ ആവശ്യത്തിന് ഹോട്ടലുകളും റിസോർട്ടുകളും നിയന്ത്രണങ്ങളോടെ ആരംഭിക്കാം. സംരക്ഷിത പ്രദേശത്തിന്‍റെ ഒരു കിലോമീറ്ററിനുള്ളിലോ, പരിസ്ഥിതി ലോല മേഖലയിലോ (ഏതാണോ ഏറ്റവും അടുത്ത്) പുതിയ ഹോട്ടലുകളോ റിസോർട്ടുകളോ പാടില്ല. അതിന് പുറത്ത് ടൂറിസം മാസ്റ്റർ പ്ലാനിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ടൂറിസം പ്രവർത്തനവും ആവാം. വാണിജ്യ ആവശ്യത്തിനുള്ള നിർമാണത്തിനും സമാന നിയന്ത്രണം ബാധകമാണ്.

എന്നാൽ, പ്രദേശവാസികൾക്ക് അവരുടെ ഭൂമിയിൽ നിർമാണം നടത്താം. മലിനീകരണം ഉണ്ടാക്കാത്ത ചെറുകിട വ്യവസായങ്ങൾക്ക് വേണ്ടിയുള്ള നിർമാണം നിയന്ത്രണങ്ങളോടെ ആവാം. സർക്കാർ അധികൃതരുടെ അനുമതി കൂടാതെ, വനത്തിലോ സർക്കാർ, സ്വകാര്യ, റവന്യൂ ഭൂമിയിൽ മരങ്ങൾ മുറിക്കാൻ പാടില്ല. കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്ക് അനുസൃതമായിരിക്കണം മരം മുറി. വന വിഭവങ്ങൾ ശേഖരിക്കുന്നത് നിയമങ്ങൾ പ്രകാരം വ്യവസ്ഥപ്പെടുത്തും. പോസ്റ്റുകൾ നാട്ടിയുള്ള ഇലക്ട്രിക് ലൈനുകൾക്ക് പകരം ഭൂമിക്കടിയിലൂടെയുള്ള കേബിളിനെ പ്രോത്സാഹിപ്പിക്കണം.

റോഡ് വികസനം, പുതിയ റോഡ് നിർമാണം എന്നിവയും നിയന്ത്രണത്തിന് വിധേയം. മഴവെള്ള സംഭരണം, ജൈവ കൃഷി, ഗ്രീൻ സാങ്കേതികവിദ്യ, കുടിൽ വ്യവസായം, പുനരുപയോഗ ഊർജം, അഗ്രോ ഫോറസ്ട്രി, ഹോർട്ടികൾചർ, ജൈവ സൗഹൃദ ഗതാഗതം, നൈപുണ്യ വികസനം തുടങ്ങിയവ പരിസ്ഥിതി ലോല മേഖലയിൽ പ്രോത്സാഹിപ്പിക്കുമെന്നും കരട് വിജ്ഞാപനം പറയുന്നു.

Tags:    
News Summary - neyyar peppara wildlife sanctuary is eco sensitive zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.