തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ തലസ്ഥാനത്തെ വാസ്തുശിൽപ വിഭാഗത്തിലെ ക്രമക്കേട് സംബന്ധിച്ച് ധനകാര്യ പരിശോധന (എൻ.ടി.എഫ്) വകുപ്പിന്റെ പ്രത്യേക പരിശോധന. വിവിധ വിഷയങ്ങളിലുള്ള ആറ് അന്വേഷണകുറിപ്പുകളാണ് ചീഫ് ആർകിടെക്റ്റിന് നൽകിയത്.
ആർകിടെക്റ്റ് വിഭാഗത്തിലെ ക്രമക്കേട് സംബന്ധിച്ച് ‘മാധ്യമം’2024 ഫെബ്രുവരിയിൽ വാർത്താ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രി, മരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. കെ.കെ. രമ എം.എൽ.എ ഇതുസംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിക്കുകയും ചെയ്തു.
2023-24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ, ഇന്റേണൽ ഓഡിറ്റ്, എ.ജി ഓഡിറ്റ് എന്നിവ പരിശോധനക്ക് ലഭ്യമാക്കാനാണ് ഒന്നാമത്തെ അന്വേഷണകുറിപ്പിലെ നിർദേശം. ടെക്നിക്കൽ അസിസ്റ്റന്റ് വി.ഒ. ഹാർലിയുടെ പ്രവർത്തനം സംബന്ധിച്ച് ചില ജീവനക്കാർ പരാതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാനും ആവശ്യപ്പെട്ടു. ഏപ്രിൽ 30നാണ് ഈ അന്വേഷണ കുറിപ്പ് ചീഫ് ആർകിടെക്റ്റിന് നൽകിയത്.
2024 ജനുവരി മുതൽ ഡിസംബർ വരെ വാസ്തുശിൽപ വിഭാഗത്തിൽ ലഭിച്ച വിവരാവകാശ അപേക്ഷ സംബന്ധിച്ച രജിസ്റ്ററുകളും ഫയലുകളും സമർപ്പിക്കാനാണ് രണ്ടാമത്തെ അന്വേഷണ കുറിപ്പ്. സ്യൂട്ട് ആന്റ് ഓഡിറ്റ് വിങിന്റെ നേതൃത്വത്തിൽ 2023 ആഗസ്റ്റിൽ നടന്ന ഓഡിറ്റ് റിപ്പോർട്ട് പരിശോധനക്ക് ലഭ്യമാക്കാനാണ് മൂന്നാമത്തെ അന്വേഷണ കുറിപ്പിലെ നിർദേശം.
ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ, സ്റ്റാഫ് പാറ്റേൺ, സ്ഥലംമാറ്റവും മറ്റും നടത്താൻ ചുമതലയുള്ള അധികാരിയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് നാലാമത്തെ അന്വേഷണ കുറിപ്പ് ആവശ്യപ്പെടുന്നത്. മൂന്ന് വർഷങ്ങളിൽ നടന്ന ലോക്കൽ പർച്ചേസിന്റെ വിശദാംശങ്ങൾ തേടുന്നതാണ് നാലാമത്തെ അന്വേഷണ കുറിപ്പ്.
‘വാസ്തു’തെറ്റിയ പൊതുമരാമത്ത് വാസ്തുശിൽപ വിഭാഗം എന്ന തലക്കെട്ടിൽ 2024 ഫെബ്രുവരി 12 മുതൽ പ്രസിദ്ധീകരിച്ച വാർത്തയുടെയും ‘മാധ്യമം’ലേഖകന്റെ വിവരാവകാശ ഇടപെടൽ ഉൾപ്പെടെയുള്ള ഇടപെടലിലൂടെയാണ് ധനകാര്യ ചീഫ് അഡീഷനൽ സെക്രട്ടറി പരിശോധനക്ക് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.