മുതലപ്പൊഴി ഹാർബറിലെ പുലിമുട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോൾ
മുതലപ്പൊഴി തുറമുഖം; പുലിമുട്ട് നിർമാണം പുനരാരംഭിച്ചു
ആറ്റിങ്ങൽ: കാലവർഷത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന മുതലപ്പൊഴി ഹാർബറിലെ തെക്കേ പുലിമുട്ടിന്റെ നിർമാണ പ്രവർത്തികൾ പുനരാരംഭിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപ ചെലവഴിച്ചാണ് മുതലപ്പൊഴിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കനത്ത മഴയും കടൽക്ഷോഭവും കാരണമാണ് നിർമാണ ജോലികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. കാലവർഷം ദുർബലമായ പശ്ചാത്തലത്തിലാണ് പ്രവർത്തികൾ വീണ്ടും തുടങ്ങിയത്.
മാർച്ച് മാസത്തോടെ പുലിമുട്ടിന്റെ നിർമാണം പൂർണമായും പൂർത്തിയാക്കാനാണ് നിർമാണ കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 70000 ത്തോളം ടൺ പാറ നിലവിൽ തന്നെ മുതലപ്പൊഴിയിൽ എത്തിച്ചിട്ടുണ്ട്. നിർമാണം നിർത്തിവച്ചിരുന്ന സമയത്തും പാറ സംഭരണം നടന്നിരുന്നു. ഇതുകൂടാതെ നിർമാണം വേഗത്തിലാക്കാൻ ദിവസവും 2000 മുതൽ 3000 ടൺ വരെ പാറ എത്തിക്കാനാണ് കമ്പനി ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ കെ.എച്ച്.സഹദ് പറഞ്ഞു. മൊത്തം നിർമാണത്തിൽ ബ്രേക്ക്‌വാട്ടറിന്റെ 220 മീറ്റർ ഭാഗം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി 205 മീറ്റർ നീളം കൂടിയാണ് പുതുതായി നിർമിക്കേണ്ടത്. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നിലവിലെ പുലിമുട്ടിന്റെ നിർമാണം അശാസ്ത്രീയമാണെന്നും പുതിയ നിർമാണം കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്നും നേരത്തെ മത്സ്യത്തൊഴിലാളികൾ ശക്തമായ ആക്ഷേപം ഉന്നയിച്ചിരുന്നു. നിർമാണം നിർത്തിവെച്ചിരുന്ന ഇടവേളയിൽ പൂനെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ വിദഗ്ധ സമിതി മുതലപ്പൊഴി സന്ദർശിച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പരാതികളും നേരിട്ട് കേട്ടിരുന്നു.
സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ വിദഗ്ധരെ കൂടാതെ, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് മിഷൻ ഡയറക്ടർ ഡോ.എം.ബി.രമണമൂർത്തിയും മുതലപ്പൊഴി സന്ദർശിക്കുകയും സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിൽ നിന്നുള്ള പഠനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. പുലിമുട്ട് നിർമാണത്തിന്റെ പകുതി ഘട്ടം മാത്രമാണ് നിലവിൽ പൂർത്തിയായതെന്നും, പൂർണമായി നിർമാണം പൂർത്തിയാകുന്ന ഘട്ടത്തിൽ മാത്രമേ ഇതിന്റെ യഥാർത്ഥ ഗുണം ലഭിക്കുകയുള്ളൂവെന്നുമാണ് വിദഗ്ധർ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ നിലനിൽക്കെത്തന്നെ പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ അധികൃതരും നിർമാണ കമ്പനിയും മുന്നോട്ട് പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.