നിർമാണം പുരോഗമിക്കുന്ന കാരോട് -കന്യാകുമാരി ദേശീയപാത 66


കാരോട് - കന്യാകുമാരി ബൈപാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

പാറശ്ശാല: കേരളത്തിലും തമിഴ്‌നാട്ടിലുമുള്‍പ്പെടെ വികസന വിനോദ സഞ്ചാര സാധ്യതകള്‍ തുറക്കുന്ന ദേശീയപാതാ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ദേശീയപാത 47ലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് കരുതപ്പെടുന്ന കന്യാകുമാരി മുതല്‍ മഹാരാഷ്ട്രയിലെ പന്‍വേല്‍ വരെയുള്ള പശ്ചിമഘട്ടത്തിനു സമാന്തരമായി കൊങ്കണ്‍ കടലോരം വഴി പോകുന്ന എന്‍.എച്ച് 66ലെ കാരോട്- കന്യാകുമാരി ബൈപാസ് ഇരു സംസ്ഥാനങ്ങൾക്കും ആശ്വാസമാകുന്നത്.

കന്യാകുമാരി, നാഗര്‍കോവില്‍, പദ്മനാഭപുരം, വിളവങ്കോട് വഴി പാറശ്ശാല ചെങ്കവിളയില്‍ കേരളത്തില്‍ പ്രവേശിക്കുന്ന പാത പടിഞ്ഞാറന്‍ തീരത്തുകൂടി മഞ്ചേശ്വരം വഴി കര്‍ണ്ണാടകയിലേക്ക് കടക്കുന്നു. കേരളത്തിലാണ് ദേശീയപാത യ്ക്ക് ഏറ്റവും ദൈര്‍ഘ്യമുള്ളത്. മംഗലാപുരം, ഉഡുപ്പി, മര്‍ഗ്ഗാവ്, സംഗമേശ്വര്‍ വഴി മുംബൈയ്ക്ക് അടുത്തുള്ള പന്‍വേല്‍ വരയെത്തുന്നതാണ് ദേശീയപാത അതോറിറ്റിയുടെ എന്‍.എച്ച് 66.

പദ്ധതി കാരോട് മുതല്‍ കന്യാകുമാരി വരെയുള്ള നാലുവരിപ്പാത നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. കാരോട് മുതല്‍ വില്ലുക്കുറി വരെ 27 കി.മീ.ദൂരം, വില്ലുക്കുറി മുതല്‍ നാഗര്‍കോവില്‍ അപ്റ്റാ മാര്‍ക്കറ്റ് വരെ 14 കി.മീ, അപ്റ്റാ മാര്‍ക്കറ്റ് മുതല്‍ കാവല്‍ക്കിണര്‍ പെരുങ്കുടി വരെ 16 കി.മീ, അപ്റ്റ മാര്‍ക്കറ്റ് മുതല്‍ കന്യാകുമാരി മുരുകന്‍ കുൻഡ്രം വരെ 12 കി.മീറ്റര്‍ എന്നിങ്ങനെയാണ് നാലുവരിപ്പാത. അപ്റ്റാ മാര്‍ക്കറ്റ് മുതല്‍ കാവല്‍ക്കിണര്‍ വരെയുള്ള നാലു വരിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുകയും വാഹനഗതാഗതം തുടങ്ങുകയും ചെയ്തു.

വടശ്ശേരിക്കടുത്ത് പുത്തേരിയിലെ വലിയ മേല്‍പ്പാലം ഒഴിച്ച് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. കാരോട് നിന്ന് കന്യാകുമാരി വരെ 54 കിലോമീറ്റര്‍ ദൂരത്താണ് നാലുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്നത്. 2017ല്‍ 3000 കോടി രൂപ വകയിരുത്തിയാണ് നിര്‍മാണം ആരംഭിച്ചത്. കല്ലും മണ്ണും കിട്ടാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജോലി ഏറ്റെടുത്ത കമ്പനി നിര്‍മാണത്തില്‍നിന്ന് പിന്മാറി വര്‍ഷത്തിനുശേഷം 1041 കോടി രൂപയുടെ കരാറില്‍ നിര്‍മാണം വീണ്ടും ആരംഭിച്ചു.

നാഗര്‍കോവിലിന് സമീപം പുത്തേരിക്കുളത്തിനു മുകളില്‍ അരക്കിലോമീറ്ററോളം ദൂരമുള്ള നീളമേറിയ പാലത്തിന്റെ നിര്‍മാണം വെല്ലുവിളിയായിരുന്നു. തിരുനെല്‍വേലിയില്‍ നിന്ന് പാറയും മണ്ണും കൊണ്ടുവരുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പരിശോധനയും നിയന്ത്രണവും റോഡ് നിര്‍മാണത്തിന് തടസ്സമാകുന്നതായി ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചിരുന്നു.

വിഴിഞ്ഞം ചരക്ക് നീക്കത്തെ സഹായിക്കും

കരമാര്‍ഗമുള്ള ചരക്ക് നീക്കം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വിഴിഞ്ഞം വലിയൊരു കുതിപ്പിന് ഒരുങ്ങുമ്പോഴാണ് കാരോട് - കന്യാകുമാരി ബൈപാസും യാഥാര്‍ത്ഥ്യമാകുന്നത്. എന്‍.എച്ച് 66നെ തമിഴ്‌നാട്ടിലെ എന്‍.എച്ച് 44മായി ബന്ധിപ്പിക്കുന്നു എന്നതാണ് ബൈപാസിന്റെ പ്രധാന സവിശേഷത. വിഴിഞ്ഞത്തിന്റെ ചരക്കുകള്‍ ദേശീയപാത 44 ൽ എത്തിച്ചാല്‍, അവിടെ നിന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്കും, ബംഗളൂരു, ഹൈദരബാദ്, നാഗ്പൂര്‍, ഗ്വാളിയോര്‍, ഡല്‍ഹി വഴി ജമ്മു കാശ്മീര്‍ വരെ നീളുന്ന ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി 2453 കോടി ചെലവിട്ട് നിര്‍മിക്കുന്ന ബൈപാസ് മാറും. കാവല്‍ക്കിണര്‍ വരെയുള്ള നാലുവരിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതുവഴി വാഹന ഗതാഗതവും നടക്കുന്നു. നാഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലിയിലേക്കുള്ള ടിഎന്‍എസ്ടിസിയുടെ എന്‍ഡ് ടു എന്‍ഡ് ബസുകളും ഈ പാതയിലൂടെയാണ് സര്‍വീസ് നടത്തുന്നത്. 1041 കോടി രൂപ ചെലവില്‍ നടന്നു വരുന്ന നാലുവരിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനം എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളര്‍ വിലയിരുത്തി.

25 വലിയ പാലങ്ങള്‍, 13 ചെറിയ പാലങ്ങള്‍, ഒരു റെയില്‍വേ മേല്‍പ്പാലം എന്നിവ പാതയിലുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാ കുന്നതോടെ സംസ്ഥാന അതിര്‍ത്തിയായ ചെങ്കവിളയല്‍ നിന്നും നാഗര്‍കോവിലിലേക്ക് 30 മിനിറ്റ് കൊണ്ടും കന്യാകുമാരിയിലേക്ക് 45 മിനിറ്റ് കൊണ്ടും എത്തിച്ചേരാനാകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സ്വപ്‌ന പദ്ധതിയായ എന്‍.എച്ച് 66ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ 2015 ജൂണിലായിരുന്നു കഴക്കൂട്ടം മുതല്‍ കാരോട് വരെ ബൈപ്പാസിന്റെ നിര്‍മാണ ഉദ്ഘാടനം നടന്നത്. നാലുവരിപ്പാതയും ഇരുവശങ്ങളിലായി സര്‍വീസ് റോഡുകളുമടക്കം 45 മീറ്റര്‍ വീതിയിലാണ് റോഡിന്റെ നിര്‍മാണം നടന്നത്.

Tags:    
News Summary - NH 66 Karode-Kanyakumari Bypass Nears Completion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.