സൂനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം
പഞ്ചായത്തും സംയുക്തമായി കരുംകുളത്ത് നടത്തിയ മോക്ഡ്രിൽ
‘സുമാത്രയിൽ ഭൂചലനം’; ജനത്തെ സുരക്ഷിതരാക്കി സൂനാമി മോക്ഡ്രിൽ
തിരുവനന്തപുരം: ‘ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്‌കെയിൽ 9.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കേരള തീരത്ത് ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അടിയന്തര നടപടികൾ ആരംഭിച്ചത്. ജില്ല എമർജൻസി ഓപ്പറേഷൻ സെന്റർ വഴി ജാഗ്രതാ നിർദേശം താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററിന് കൈമാറി. താലൂക്ക് തലത്തിൽ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം ആക്റ്റിവേറ്റ് ചെയ്തു. തുടർന്ന് കോസ്റ്റൽ പൊലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്‌മെന്റുകൾ വഴി തീരപ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി’...
തീരദേശ മേഖലകളിൽ സുനാമി ദുരന്ത നിവാരണ പ്രവർത്തനങ്ങളും വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റിയും കരുംകുളം പഞ്ചായത്തും സംയുക്തമായാണ് സൂനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിച്ചത്. കരുംകുളം പഞ്ചായത്തിലുൾപ്പെടുന്ന കിളിത്തട്ട്, പുതിയതുറ വാർഡുകളിലായി ശനിയാഴ്ച രാവിലെ 8.30തോടെയാണ് മോക്ഡ്രിൽ നടന്നത്.
പുതിയതുറ വാർഡിലെ സെന്റ് നിക്കോളാസ് ബീച്ച് സ്റ്റേജ് ആയിരുന്നു അസംബ്ലി പോയിന്റ്. കിളിത്തട്ട് വാർഡിലെ സെന്റ് നിക്കോളാസ് എൽ.പി സ്‌കൂളാണ് ഷെൽട്ടർ പോയിന്റായി തിരഞ്ഞെടുത്തിരുന്നത്. മുന്നറിയിപ്പിന് പിന്നാലെ പൊലീസ്-അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന സംഘം ദുരന്തസാധ്യതാ മേഖലകളിൽ നിന്നുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ആംബുലൻസുകളും പൊലീസ് ജീപ്പുകളും സെന്റ് നിക്കോളാസ് ബീച്ച് സ്റ്റേജ് അസംബ്ലി പോയിന്റിലേക്ക് എത്തിച്ചു.
സ്ത്രീകളും കുട്ടികളും കിടപ്പുരോഗികളും ഉൾപ്പെടുന്ന പ്രദേശവാസികളെയും വളർത്തുമൃഗങ്ങളേയും ഉൾപ്പെടെ സുരക്ഷിത അസംബ്ലി പോയിന്റിലേക്കും, ഇവിടെ നിന്നും ഷെൽറ്റർ പോയിന്റായിരുന്ന സെന്റ് നിക്കോളാസ് എൽ.പി സ്‌കൂളിലേക്കും മാറ്റിപാർപ്പിക്കുകയായിരുന്നു. മെഡിക്കൽ ടീമിന്റെ പ്രഥമശുശ്രൂഷാ സംവിധാനങ്ങളും ഭക്ഷണവും ഷെൽറ്റർ പോയിന്റിൽ ഒരുക്കിയിരുന്നു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥ് മോക്ഡ്രില്ലിന് നേതൃത്വം നൽകി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന മോക്ഡ്രിൽ 10.30ന് അവസാനിച്ചു. കരുംകുളം പഞ്ചായത്ത് പ്രസിഡൻറ് പുഷ്പം വിൻസന്റ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നെയ്യാറ്റിൻകര തഹസീൽദാർ സജി ആർ.എസ്, ജില്ല ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് ദേവിക ബി.എസ്, റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം, മോട്ടോർ വെഹിക്കിൾ, ഫിഷറീസ്, തദ്ദേശഭരണം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കോസ്റ്റൽ പൊലീസ് പ്രതിനിധികൾ, സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർ, ആപ്ത മിത്ര പ്രവർത്തകർ എന്നിവരുൾപ്പെടുന്ന സംഘമാണ് ദുരന്തനിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.