11 വർഷം മുമ്പത്തെ കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: പതിനൊന്ന് വർഷം മുമ്പ് യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പൊലീസ്‌ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ മാഹീൻകണ്ണ്‌, ഭാര്യ റുഖിയ എന്നിവരെയാണ്‌ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്‌) കോടതി ഒമ്പത്‌ ദിവസത്തെ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടത്‌.

വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തുന്നതിനായി പ്രതികളെ ഒമ്പത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

2011ൽ പൂവച്ചൽ സ്വദേശി ദിവ്യ, മകൾ ഒന്നരവയസ്സുകാരി ഗൗരി എന്നിവരെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ്‌ നടപടി. യുവതിയുടെ പങ്കാളിയായിരുന്ന മാഹീൻകണ്ണിനെതിരെ കൊലപാതകവും ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ 29നായിരുന്നു ഇരുവരെയും ജില്ല റൂറൽ ക്രൈംബ്രാഞ്ച്‌ സംഘം അറസ്റ്റ്‌ ചെയ്‌തത്‌.

കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചൊവ്വാഴ്‌ച തെളിവെടുപ്പിനെത്തിക്കും. ദിവ്യ നേരത്തേ താമസിച്ചിരുന്ന വാടകവീട്‌, ഊരൂട്ടമ്പലം, വഴിമുക്ക്‌, ബാലരാമപുരം എന്നിവിടങ്ങളിലാണ്‌ ചൊവ്വാഴ്‌ച തെളിവെടുപ്പിനെത്തിക്കുക. മാഹീൻകണ്ണുമായി തമിഴ്നാട്ടിലും തെളിവെടുപ്പ് നടത്തും. ഇവിടെനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുടർന്ന് മാഹീൻകണ്ണ് ഇവിടത്തെ മെഡിക്കൽ കോളജിലെത്തി മൃതദേഹങ്ങൾ തിരിച്ചറിയുകയും ഇരുവരും മരിച്ചെന്ന് ഭാര്യയെ ബോധ്യപ്പെടുത്താൻ തമിഴ്പത്രവും വാങ്ങിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാകും തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തുക.

ഒരുമിച്ച് താമസിക്കണമെങ്കിൽ ദിവ്യയെയും കുഞ്ഞിനെയും ഒഴിവാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് മാഹീൻകണ്ണിന്‍റെ മൊഴി. കൊലപാതക വിവരം അറിയാമായിരുന്നെന്ന് കണ്ടെത്തിയതിനാലാണ് റുഖിയയെയും ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസന്‍റെ നേതൃത്വത്തിലാകും തെളിവെടുപ്പ്.

Tags:    
News Summary - Murder case-the accused were taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.