അനിൽകുമാർ
തിരുവനന്തപുരം: മാരായമുട്ടത്ത് വടകര ജോസ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ബിനു എന്ന അനിൽകുമാറിനെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി-ഏഴ് ജഡ്ജ് പ്രസൂൺ മോഹൻ ജീവപര്യന്തം തടവിനും ജോസിനൊപ്പം ഉണ്ടായിരുന്ന ശരത്തിനെ 13 വർഷം കഠിന തടവിനും 11.25 ലക്ഷംരൂപ പിഴയൊടുക്കാനും വിധിച്ചു. 13 വർഷത്തെ കഠിനതടവിനുശേഷം ജീവപര്യന്തം തടവ് അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പ്രത്യേകം പരാമർശിച്ചു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് 2014മെയ് 12ന്രാത്രി ഒമ്പതരയോടെ മാരായമുട്ടം ബിവറേജ് ഷോപ്പിന് മുന്നിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ജോസിനെ നാലംഗ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണക്കിടെ രണ്ടു മുതൽ നാലു വരെയുള്ള പ്രതികൾ വ്യത്യസ്തങ്ങളായ ഗുണ്ടാ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
സംഭവ സമയത്ത് ജോസിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ശരത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ശരത്തിന്റെയും സാക്ഷിയായിരുന്ന ആളിന്റെയും മൊഴികളാണ് കേസിൽ നിർണായകമായത്.
മാരായമുട്ടം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ മാരായമുട്ടം എസ്.ഐ ആയിരുന്ന സുഗതൻ വിചാരണവേളയിൽ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകി. ഇതിൽ കോടതി എസ്.ഐയെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. വേണി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.