മോഡൽ സ്കൂൾ മുതൽ അരിസ്റ്റോ ജങ്ഷൻ വരെയുള്ള റോഡ് അടച്ചപ്പോൾ
തിരുവനന്തപുരം: മാൻഹോൾ നിർമാണത്തിനായി അറ്റകുറ്റപ്പണിക്കായി നഗരത്തിലെ ഏറ്റവും തിരക്കേറിയതും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലേക്കുള്ള പ്രധാന പാതയുമായ മോഡൽ സ്കൂൾ-തമ്പാനൂർ റോഡ് അടച്ചതോടെ യാത്രാദുരിതം വർധിച്ചു.
തമ്പാനൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളടക്കം വാഹനങ്ങൾ പാളയം-സ്റ്റാച്യു-ഓവർബ്രിഡ്ജ് വഴിയും തൈക്കാട് മേൽപ്പാലം വഴിയും തിരിച്ചുവിടുകയാണ്. തമ്പാനൂർ ഭാഗത്ത് നിന്ന് മോഡൽ സ്കൂൾ ഭാഗത്തേക്ക് ചെറുവാഹനങ്ങൾ മാത്രം ഒറ്റവരി റോഡിലൂടെ കടത്തിവിടുകയാണ്.
മോഡൽ സ്കൂൾ-തമ്പാനൂർ റോഡ് അടഞ്ഞതോടെ ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളിലും ധനകാര്യസ്ഥാപനങ്ങളിലും ഹോട്ടലുകളിലുമടക്കം എത്തേണ്ടവർ ശരിക്കും പെട്ടു.
നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണിത്. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളും ഇതര സംസ്ഥാനങ്ങളിലേക്കുള്ള ടൂറിസ്റ്റ് ബസുകളും സർവിസ് നടത്തുന്നത് ഈ റോഡിലൂടെയാണ്. ദീർഘദൂര ടൂറിസ്റ്റ് ബസുകളുടെ പാർക്കിങ് കേന്ദ്രങ്ങളും ഇവിടെയാണ്.
റെയിൽവേ സ്റ്റേഷനിലേക്ക് വേഗത്തിലെത്താൻ ആശ്രയിക്കുന്ന വഴി അടഞ്ഞതോടെ കറങ്ങിപ്പോകേണ്ട സ്ഥിതിയാണ്. കറക്കത്തിനെടുക്കുന്ന സമയവും കണക്കാക്കിയിറങ്ങിയില്ലെങ്കിൽ ട്രെയിൻ യാത്ര നഷ്ടപ്പെടുമെന്ന സ്ഥിതിയുമുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന പാത അടച്ചതോടെ എം.ജി റോഡിൽ ഉൾപ്പെടെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പ്രവൃത്തിദിവസമായ തിങ്കളാഴ്ച മുതൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.
നിയന്ത്രണങ്ങളറിയാതെ നഗരത്തിലെത്തിയവര്‍ ശരിക്കും വലയുകയാണ്. നഗരമധ്യത്തില്‍ ചെയ്യുന്ന അറ്റകുറ്റപ്പണി വേഗത്തിലാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എം.ജി റോഡിലേക്കുള്ള തിരക്കേറിയ റോഡിലാണ് മലിനജലക്കുഴൽ അറ്റകുറ്റപ്പണി നടത്തുന്നത്.
അതേസമയം, അവധിയായതിനാലാണ് ക്രിസ്മസ്-പുതുവത്സര സമയത്ത് അറ്റകുറ്റപ്പണി നടത്താൻ തെരഞ്ഞെടുത്തതെന്നാണ് വാട്ടർ അതോറിറ്റിയുടെ വാദം. ജോലികൾ പൂർത്തിയാക്കി ജനുവരി നാലിന് തുറന്നുകൊടുക്കുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ക്രിസ്മസ്, പുതുവത്സരക്കാലത്ത് റോഡ് അടച്ചിട്ടത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തകർന്ന വഴികളിലൂടെ ഗതാഗതം വഴിതിരിച്ചുവിടുന്നതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.
വെള്ളയമ്പലം പി.എം.ജി ഭാഗത്തുനിന്ന് പനവിള ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പബ്ലിക് ലൈബ്രറി-സ്റ്റാച്യു-ഓവർബ്രിഡ്ജ് വഴിയാണ് ഇപ്പോൾ തമ്പാനൂരിലേക്കെത്തുന്നത്. ബേക്കറി ജങ്ഷനിൽനിന്ന് തമ്പാനൂരിലേക്കുള്ള ചെറിയ വാഹനങ്ങൾ മോഡൽ സ്കൂൾ ജങ്ഷനിൽനിന്ന് തിരിഞ്ഞ് ഹൗസിങ് ബോർഡ്, എസ്.എസ് കോവിൽ റോഡ് വഴിയോ അല്ലെങ്കിൽ സംഗീതകോളജ്, തൈക്കാട് വഴിയോ ആണ് പോകുന്നത്. ജഗതി ഭാഗത്തുനിന്ന് ബേക്കറി ജങ്ഷൻ വഴി തമ്പാനൂർ ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സാനഡു, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ വഴി തിരിച്ചുവിടുകയാണ്.
തമ്പാനൂർ ഭാഗത്ത് നിന്ന് മോഡൽ സ്കൂൾ ഭാഗത്തേക്ക് ചെറുവാഹനങ്ങളെ മാത്രമേ കടത്തിവിടുന്നുള്ളൂ. വെള്ളയമ്പലം, പി.എം.ജി. ഭാഗത്ത് നിന്നും പനവിള വഴി തമ്പാനൂർക്ക് വരുന്ന ബസുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പബ്ലിക് ലൈബ്രറി, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴിയാണ് പോകുന്നത്.
നിലവിലെ അരിസ്റ്റോയിലെ മാൻഹോളുകളുടെ പണികൾ പൂർത്തിയായാൽ മാഞ്ഞാലിക്കുളത്തും റോഡ് അടക്കും. പൂർണമായും അടഞ്ഞ് തകർന്ന മാലിന്യക്കുഴൽ നന്നാക്കാനാണ് തീരുമാനം. ആദ്യം എസ്.എസ് കോവിൽ റോഡ് അടയ്ക്കും. പിന്നീട് ആർ.എം.എസിന് മുന്നിലെ റോഡ് അടച്ച് പണികൾ നടത്തും.
ഒരു വർഷമായി മാഞ്ഞാലിക്കുളത്ത് മാലിന്യക്കുഴൽ പൊട്ടി മലിനജലം റോഡിന് മുകളിലൂടെ ഒഴുകുകയാണ്. കെ.ആർ.എഫ്.ബിയാണ് ടെൻഡർ വിളിച്ചതെങ്കിലും പൊതുമരാമത്ത് വിഭാഗമാണ് പണികൾ നടത്തുക.
25 ലക്ഷം രൂപയ്ക്കാണ് കരാർ. മാഞ്ഞാലിക്കുളത്തെ നിർമാണം ആദ്യം നിശ്ചയിച്ചെങ്കിലും അടിയന്തരമായി അരിസ്റ്റോയിലെ പണികൾ നടത്തണമെന്ന് ജലഅതോറിറ്റിയുടെ ആവശ്യം മാനിച്ചാണ് മാറ്റിവെച്ചത്. രണ്ട് നിർമാണം കൂടി ഒന്നിച്ച് നടത്തിയാൽ നഗര ഗതാഗതം പൂർണമായും അവതാളത്തിലാകുമെന്നതിനാൽ വിശേഷിച്ചും.
ഏറെ വർഷം പഴക്കമുള്ള രണ്ട് മാൻഹോളുകളും സമീപത്തായ അത്ര പഴക്കമില്ലാത്ത മറ്റൊന്നുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിൽ രണ്ടെണ്ണം പൂർണമായും പൊളിച്ചുനീക്കി പകരം പുതിയ നിർമിച്ച് കോൺക്രീറ്റ് ചെയ്യണം. രണ്ട് മാൻഹോളുകൾ തകർന്നത് പരിശോധിക്കാനെത്തിയപ്പോൾ കണ്ട കുഴിയാണ് ഇപ്പോഴത്തെ നിർമാണ പ്രവർത്തനങ്ങളിലേക്കെത്തിച്ചത്. മാൻഹോളിന്റെ രണ്ടുവശങ്ങളിലും മണ്ണിടിഞ്ഞ് താഴേക്ക് പോകുന്ന നിലയിലായിരുന്നു.
മൂന്ന് മാൻഹോളുകളും റോഡിന് നടുവിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ ഗതാഗതം പൂർണമായും നിയന്ത്രിക്കാതെ ഇവ പണിയാനാവില്ല. കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കേണ്ടതിനാൽ പണി കഴിഞ്ഞാലുടൻ ഇതിന് മുകളിൽ കൂടി വാഹനവും കടത്തി വിടാനാവില്ല.
മോൾഡ് ചെയ്തതിന് ശേഷം കോൺക്രീറ്റ് ഉറയ്ക്കണം. ഇത് ഉറയ്ക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഏറെ പഴക്കമുള്ള മാൻഹോളിന്റെ പല ഭാഗങ്ങളും പൊളിഞ്ഞ് തകർന്ന നിലയിലാണ്. ചിലയിടങ്ങളിൽ തകർന്ന് റോഡിനടിയിൽ വൻകുഴി രൂപപ്പെടാമെന്നതിനാൽ പണി നീളാനുള്ള സാധ്യതയുണ്ട്.
നിലവിൽ കല്ലുകൊണ്ട് നിർമിച്ച മാൻഹോൾ പൊളിച്ചുകഴിഞ്ഞു. ഒപ്പം പുതിയതിന് മൂന്ന് മീറ്റർ ആഴത്തിൽ റോഡ് കുഴിച്ച് കുഴിയുമെടുത്തിട്ടുണ്ട്. മലിനജലം ഒഴുകുന്ന മൺപൈപ്പ് ലൈനിന് നിലവിൽ പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തൽ.
രാത്രിയിലും ജോലികൾ തുടരുകയാണ്. മാൻഹോൾ ജോലികൾ തീർന്നാൽ റോഡുകൾ ടാർ ചെയ്ത് പഴയ നിലയിലാക്കണം. ജോലികൾ പൂർത്തിയാകാൻ 18 ദിവസം വേണ്ടിവരും. ഇതിനിടയിൽ കാലാവസ്ഥ പ്രതികൂലമാകുകയോ മറ്റ് പണികൾ ഉൾപ്പെടുത്തേണ്ടി വരുകയോ ചെയ്താൽ വീണ്ടും സമയം നീളാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.