ആറ്റിങ്ങൽ: മാമത്ത് ആത്മഹത്യക്കായി കാർ ടാങ്കർ ലോറിയിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കുള്ള ഡീസൽ നിറച്ച ടാങ്കർ ലോറിയായിരുന്നു ഇത്. ഡീസൽ ടാങ്ക് തകരാതിരുന്നത് കൂടുതൽ അപകടമൊഴിവാക്കി.
എറണാകുളത്തുനിന്ന് തിരുവനന്തപുരം ഡിപ്പോയിലേക്ക് ഡീസൽ കൊണ്ടുവരികയായിരുന്നു. ടാങ്ക് നിറയെ ഡീസലുണ്ടായിരുന്നു. മാമത്തെത്തിയപ്പോൾ എതിർ ദിശയിൽനിന്ന് വന്ന കാർ ലോറിക്ക് നേരെ പായുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടിരുന്നു. അടുത്തേക്ക് വരുന്തോറും കാറിന് വേഗം കൂടുന്നത് മനസ്സിലാക്കിയ ലോറി ഡ്രൈവർ വാഹനം നിർത്താൻ ശ്രമിച്ചു.
ലോറി നിൽക്കുന്നതിനുമുമ്പുതന്നെ കാർ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കാർ പിന്നിലേക്ക് തെറിച്ചു. ലോറി വേഗം കുറച്ച് നിർത്തിയതിനാലാണ് ഇടിയുടെ ആഘാതം കുറയുകയും ടാങ്ക് തകരാനും മറിയാനുമുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തത്.
ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിനുള്ളിൽ പ്രകാശും മകനും കുരുങ്ങിക്കിടക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ഇതര വാഹന യാത്രക്കാരും പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആറ്റിങ്ങലിൽ നിന്നെത്തിയ അഗ്നിരക്ഷാസേന, പൊലീസ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടൻ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
എല്ലാ സമയത്തും തിരക്കുള്ള പാതയിലായിരുന്നു അപകടം. മിനിറ്റുകൾക്കകം വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പൊലീസ്, അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് കടന്നുവരാൻ ഇതുമൂലം ബുദ്ധിമുട്ട് നേരിട്ടു. ടാങ്ക് തകരുകയോ തീപിടിത്തമുണ്ടാകുകയോ ചെയ്തിരുന്നെങ്കിൽ വൻ ദുരന്തത്തിന് കാരണമായേനെ. അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ ഒന്നര മണിക്കൂറോളം വേണ്ടിവന്നു.
ആറ്റിങ്ങൽ: മകനുമായുള്ള ആത്മഹത്യക്ക് പ്രകാശിനെ പ്രേരിപ്പിച്ചത് കുടുംബ പ്രശ്നങ്ങൾ. വിശദമായ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ദീർഘനാളായി ഭാര്യ ഗൾഫിലെ നൃത്ത വിദ്യാലയത്തിൽ ജോലി ചെയ്യുകയാണ്. നാട്ടിൽ വരാൻ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ലെന്ന് പറയുന്നു. പ്രകാശിൽനിന്ന് കൂടുതൽ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.
ഫേസ്ബുക്കിലും വാട്സ്ആപ്പിലും സ്റ്റാറ്റസായി പ്രകാശ് ആത്മഹത്യ സൂചന നൽകിയിരുന്നു. മരണത്തിന് ഉത്തരവാദികൾ എന്ന പേരിൽ അഞ്ചുപേരുടെ ചിത്രങ്ങളും നൽകിയിരുന്നു. 'എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു' എന്ന വാചകവും ചിത്രങ്ങൾക്കൊപ്പമുണ്ടായിരുന്നു.
'എന്റെയും മകൻ ശിവദേവിന്റെയും മരണമൊഴി' എന്ന തലക്കെട്ടിൽ രണ്ടുപേജുള്ള ആത്മഹത്യ കുറിപ്പും മരണത്തിന് ഉത്തരവാദി എന്ന് ആരോപിക്കപ്പെട്ടവരിൽ ഒരാൾക്ക് എഴുതിയ നാല് പേജുള്ള കുറിപ്പും കണ്ടെടുത്തു. ഭാര്യയുടെ ആരോപണ വിധേയരായ സുഹൃത്തുക്കളുടെയെല്ലാം ഫോൺ, വാട്സ്ആപ് നമ്പറുകളും നൽകിയിട്ടുണ്ട്.
ഭാര്യയുടെ സൗഹൃദങ്ങൾ കൊണ്ട് തനിക്കുണ്ടായ മാനഹാനിയും സാമ്പത്തിക ബാധ്യതകളും കത്തുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഭാര്യ വരുത്തിവെച്ച അഞ്ച് ലക്ഷം രൂപയുടെ അധിക ബാധ്യത തന്റെ മേൽ ഉണ്ടെന്നും കത്തിൽ പറയുന്നു. 'എന്റെയും മക്കളുടെയും തകർച്ചക്കായി പ്രവർത്തിച്ച ആരും നിയമത്തിൽനിന്ന് രക്ഷപ്പെടാൻ പാടില്ല' എന്നെഴുതിയാണ് കത്ത് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.