കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടത്തിലേക്ക് പാഴ്ചെടികൾ പടർന്നു കയറിയ
നിലയിൽ
ആശുപത്രി പരിസരവും ക്വാർട്ടേഴ്സും കാടുകയറി
കിളിമാനൂർ: ശുചീകരണ പ്രവർത്തനങ്ങൾ പാഴ് വാക്കായതോടെ കേശവപുരം സാമൂഹിക ആരോഗ്യകേന്ദ്രവും ഡോക്ടർമാർക്കായി നിർമിച്ച ക്വാർട്ടേഴ്സുകളും കാടുകയറി. ആറുമാസത്തിലേറെയായി ക്വാർട്ടേഴ്സുകളിൽ ആൾതാമസമില്ലാതായതോടെ മുറ്റത്തും കെട്ടിടങ്ങളിലേക്കും പാഴ്ചെടികൾ പടർന്നു കയറി.
കിളിമാനൂർ ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൊണ്ട് സ്വകാര്യ പുരയിടങ്ങളും മറ്റും വൃത്തിയാക്കുമ്പോഴാണ് ആശുപത്രി പരിസരവും ക്വാർട്ടേഴ്സും കാടുമൂടി കിടക്കുന്നത്. ആശുപത്രിക്ക് പിന്നിലായി റോഡരികിൽ അഞ്ച് കെട്ടിടങ്ങളാണ് ക്വാർട്ടേഴ്സായി പ്രവർത്തിക്കുന്നത്.
വർഷാ വർഷം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി യിൽ ഫണ്ട് വകയിരുത്തി കെട്ടിട അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിക്കുന്നത്. ചില കെട്ടിടങ്ങളിൽ ആറ് മാസം മുമ്പ് വരെ ഡോക്ടർമാർ താമസിച്ചിരുന്നു. വർഷങ്ങളായി തുറക്കാത്ത കെട്ടിടങ്ങളും ഉണ്ട്.
ആശുപത്രിയിലെ രോഗികളുടെ കിടപ്പുമുറികളുള്ള കെട്ടിടത്തിന്റെ പിൻവശം കാടുമൂടിയ നിലയിലാണ്. രണ്ടാം നിലവരെ കാട്ടുവള്ളികൾ പടർന്നു കയറിയിട്ടും ഇവ വെട്ടി വൃത്തിയാക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ആശുപത്രി പരിസരം തെരുവുനായ്ക്കളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. രോഗികളെയും കൂടെ വരുന്നവരെയും നായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്. അടിയന്തരമായി ക്വാട്ടേഴ്സും ആശുപത്രി പരിസരവും വൃത്തിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.