നിർമ്മാണം ആരംഭിച്ചിട്ട് പാതിവഴിയിലായ കെട്ടിടം
കിളിമാനൂർ: ഈ ഓണത്തിനെങ്കിലും ഭവന സമുച്ചയത്തിന്റെ പണി പൂർത്തിയാകുമോയെന്ന ചോദ്യമാണ് അവരുടെയെല്ലാം മനസിൽ. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭവനരഹിതർക്കായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിനെ കുറിച്ചുള്ള ചോദ്യമാണ് ഇത്. ആറുവർഷമായി പണി ആരംഭിച്ചിട്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 51 കുടുംബങ്ങൾക്ക് ഒരു കുടക്കീഴിൽ വീടൊരുക്കുന്ന പദ്ധതിയാണിത്.
എട്ട് പഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്കായിരുന്നു ഇതിലൂടെ പ്രയോജനം ലഭിക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദ ഉപാധികൾ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്ന് കഴിഞ്ഞ ഓണത്തിന് മുമ്പ് നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അടുത്ത ഓണമെത്തിയിട്ടും യാഥാർഥ്യമാകുന്ന ലക്ഷണമെന്നില്ല.
പഴയകുന്നുമ്മൽ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് 64 ലക്ഷം രൂപക്ക് വാങ്ങിയാണ് പദ്ധതി നടപ്പി ലാക്കുന്നത്. ഒരു കുടുംബത്തിന് വേണ്ടി12 ലക്ഷം രൂപവീതം 6.12 കോടി രൂപയാണ്ആകെ നിർമാണ തുക. ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വസ്തു വാങ്ങുന്നതിന് 64 ലക്ഷം അനുവദിച്ചത്. 2018-19 വാർഷികപദ്ധതിയിൽ ഭവന സമുച്ചയത്തിന്റെ ആരംഭത്തിനും ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടർപ്രവർത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിച്ചു.
ജൈവ ചുറ്റുമതിൽ, സോളാർ വൈദ്യുതി, സ്വിമ്മിങ് പൂൾ, അംഗൻവാടി, വിനോദത്തിനും വിജ്ഞാനത്തിനുമായി മിനി ചിൽഡ്രസ് പാർക്ക്, കിൻഡർ ഗാർഡൻ തുടങ്ങിയവയെല്ലാം ഉൾപ്പെട്ടതാണ് ഫ്ലാറ്റ് സമുച്ചയം. മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളാണ് പണി കഴിപ്പിക്കുന്നത്. 18 കുടുംബഗങ്ങൾക്ക് താമസിക്കാവുന്ന ആദ്യ ഫ്ലാറ്റ് സമുച്ചയത്തിന്റെ പണി മാത്രമാണ് പൂർത്തിയാകുന്നത്. മറ്റ് രണ്ടെണ്ണത്തിൽ ഒരെണ്ണം നിർമാണം തുടങ്ങിയെങ്കിലും പാതിവഴിയിലാണ്. മറ്റൊന്ന് അടിസ്ഥാനം മാത്രമായി നിൽക്കുകയാണ്. ഒരു ഓണക്കാലം കൂടി പടിവാതിക്കൽ വന്നുനിൽക്കെ വാഗ്ദാന ലംഘനത്തിന്റെ അഞ്ചാം വർഷം കൂടിയാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.